‘ഉത്തരവാദിത്തമുള്ള സ്ഥാനത്തിരിക്കുന്നവരുടെ കെടുകാര്യസ്ഥതയുടെ ഉദാഹരണമാണിത്’: മംമ്ത മോഹന്‍ദാസ്‌

ഉത്തരവാദിത്തമുള്ള സ്ഥാനത്തിരിക്കുന്നവരുടെ കെടുകാര്യസ്ഥതയ്ക്ക് ഉദാഹരണങ്ങളാണ് ഒരാഴ്ചയ്ക്കുള്ളില്‍ നടന്ന രണ്ടു സംഭവങ്ങളെന്ന വിമര്‍ശനവുമായി നടി മംമ്ത മോഹന്‍ദാസ്.

താനൂര്‍ ബോട്ടപകടത്തിന്റെ അനുശോചന പ്രവാഹം നിലയ്ക്കുംമുമ്പ് ലഹരിക്കടിമപ്പെട്ട മാനസികരോഗിയായ വ്യക്തിയാല്‍ ഒരു യുവ ഡോക്ടര്‍ കൊല്ലപ്പെട്ടത് തികച്ചും ഞെട്ടിക്കുന്ന കാര്യമാണെന്നും നമ്മുടെ ഭരണ സംവിധാനങ്ങള്‍ ഇതിനെതിരെ എന്തെങ്കിലും പ്രവര്‍ത്തിക്കുമെന്നുള്ള പ്രത്യാശകള്‍ നിരര്‍ഥകമാണെന്നും മംമ്ത സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.

‘മയക്കുമരുന്നിന് അടിമപ്പെട്ടു മാനസികനില തെറ്റിയവരുടെ ഇരകളാവുകയാണോ നിരപരാധികളായ ആളുകള്‍? മാനസികമായി നിലതെറ്റിയവരുള്ള ഈ സമൂഹത്തില്‍ ജീവിക്കുന്നത് ഒട്ടും സുരക്ഷിതമല്ല എന്നാണ് എനിക്ക് തോന്നുന്നത്. ഈ അവസ്ഥ ഇനിയും അവഗണിക്കാന്‍ കഴിയില്ല. ഉത്തരവാദിത്തമുള്ള സ്ഥാനത്തിരിക്കുന്നവരുടെ കെടുകാര്യസ്ഥതയുടെ ഉദാഹരണമാണ് ഒരൊറ്റ ആഴ്ചയില്‍ നടന്ന ദാരുണമായ ഈ രണ്ടു സംഭവങ്ങളും. ഡോ. വന്ദന ദാസിന് ആദരാഞ്ജലികള്‍. അവളുടെ മാതാപിതാക്കളോട് അഗാധമായ ദുഃഖവും അനുശോചനവും അറിയിക്കുന്നു. അവര്‍ കടന്നുപോകുന്ന അവസ്ഥ എനിക്ക് സങ്കല്‍പ്പിക്കാന്‍ പോലും കഴിയുന്നില്ല. അവര്‍ക്കുണ്ടായിരുന്ന ഒരേയൊരു കുട്ടിയെയാണ് നഷ്ടപ്പെട്ടിരിക്കുന്നത്. ഞാന്‍ മുന്‍പ് പറഞ്ഞതുപോലെ പോയവര്‍ക്ക് പോയി. ഇതുപോലെയുള്ള സംഭവങ്ങള്‍ ആവര്‍ത്തിക്കുകയാണ് പക്ഷേ ഒന്നും മാറുന്നില്ല. എല്ലാവരും എല്ലാം മറന്നുപോകുന്നു. നമ്മുടെ ഭരണ സംവിധാനങ്ങളും അത് നടപ്പിലാക്കുന്നവരും എവിടെയാണ്. വലിയ പരിഷ്‌കാരങ്ങള്‍ അത്യാവശ്യമാണ്, പക്ഷേ എപ്പോള്‍? ആര് ചെയ്യും? എല്ലാം എന്നെങ്കിലും ശരിയാകുമെന്ന് പ്രതീക്ഷിച്ച് ജീവിച്ചു മരിക്കാന്‍ മാത്രമേ നമുക്ക് കഴിയൂ. എന്നെ എപ്പോഴും അസ്വസ്ഥമാക്കുന്ന മറ്റൊരു കാര്യം ക്രൂരമായ കൊലപാതകത്തില്‍ ഇത്രയധികം ദൃക്സാക്ഷികളുണ്ടായിട്ടും ആ കൊലപാതകിക്കെതിരെ ചെറുവിരലനക്കാനോ കൊല്ലാനോ ആര്‍ക്കും കഴിഞ്ഞില്ലല്ലോ എന്നതാണ്. എനിക്കത് ഒട്ടും മനസ്സിലാകുന്നില്ല’- നടി കുറിച്ചു,