ലാഹോർ: ഇമ്രാൻ ഖാന്റെ അറസ്റ്റിൽ പ്രതിഷേധിച്ച് പാകിസ്ഥാനിൽ കലാപാന്തരീക്ഷം. പിടിഐ പ്രവർത്തകർ മുതിർന്ന പട്ടാള ഉദ്യോഗസ്ഥന്റെ വീട്ടിലെ അടുക്കളയിൽവരെ കയറി അതിക്രമങ്ങൾ നടത്തുന്നതായാണ് അന്താരാഷ്ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഫ്രിഡ്ജിൽ സൂക്ഷിച്ച ഭക്ഷണസാധനങ്ങളും കോളയുമെല്ലാം പ്രതിഷേധക്കാർ എടുത്ത് ഭക്ഷിക്കുന്ന വീഡിയോകളും സാമൂഹ്യ മാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
പാക് സൈന്യത്തിന്റെ ലാഹോറിലെ കോർപ്സ് കമാൻഡറുടെ വസതിയിലാണ് പ്രതിഷേധക്കാർ അതിക്രമിച്ച് കയറി കൊള്ള നടത്തിയത്. പ്രതിഷേധക്കാർ ഭക്ഷണസാധനങ്ങളുടെ വലിയ പാക്കറ്റുകൾ ചുമന്നുകൊണ്ടു പോകുന്നതും ചില വീഡിയോകളിൽ ദൃശ്യമാണ്. ഇമ്രാൻ ഖാന്റെ അറസ്റ്റിൽ പ്രതിഷേധിച്ച് ഇസ്ലാമാബാദ്, ലാഹോർ, കറാച്ചി, പെഷവാർ തുടങ്ങിയുള്ള പാകിസ്താൻ നഗരങ്ങളിലെല്ലാം വലിയ പ്രതിഷേധം ഉയരുന്നുണ്ട്. കലാപത്തിന് സമാനമായ പ്രതിഷേധമാണ് അരങ്ങേറുന്നത്. പലഭാഗങ്ങളിലും സംഘർഷാവസ്ഥയാണ്. കല്ലേറും തീവെയ്പ്പും ഉൾപ്പെടെയുള്ള സംഭവങ്ങളാണ് നടക്കുന്നത്.
കഴിഞ്ഞ ദിവസമാണ് ഇമ്രാൻ ഖാനെ അറസ്റ്റ് ചെയ്തത്. അഴിമതിക്കേസുമായി ബന്ധപ്പെട്ടാണ് ഇമ്രാൻ ഖാനെ അറസ്റ്റ് ചെയ്തത്. അറസ്റ്റിന് പിന്നാലെ സംഘർഷ സാധ്യത കണക്കിലെടുത്ത് ഇസ്ലാമാബാദിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു.
പ്രധാനമന്ത്രി ആയിരുന്ന സമയത്ത് ലഭിച്ച വിദേശ ഉപഹാരങ്ങൾ തോഷാഖാന വകുപ്പിൽ നിന്ന് നിയമപ്രകാരമുള്ള ഇളവനുസരിച്ച് വാങ്ങി കോടികളുടെ ലാഭത്തിന് മറിച്ചുവിറ്റെന്നും ഇത് ആദായനികുതി റിട്ടേണിൽ നിന്നും ഇലക്ഷൻ കമ്മീഷനിൽ നിന്നും മറച്ചുവച്ചെന്നുമാണ് ഇമ്രാനെതിരെയുള്ള കേസ്.
അതേസമയം, ഇമ്രാൻ ഖാനെതിരെ 60 ലധികം കേസുകളാണ് പാകിസ്ഥാനിലുള്ളത്. ഈ കേസുകളിൽ മുൻകൂർ ജാമ്യം തേടിയുള്ള ഹർജി പരിഗണിക്കവേ ഇസ്ലാമാബാദ് ഹൈക്കോടതി ഹാജരാകുന്നതിനിടെയാണ് ഇമ്രാൻ ഖാൻ അറസ്റ്റിലായത്.

