കോഴിക്കോട്: മാദ്ധ്യമങ്ങൾക്കെതിരെ വിമർശനവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. ഡോ വന്ദനയുടെ മരണവുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാരിനെതിരെ വാർത്തയുണ്ടാക്കാൻ ബൂർഷ്വാ പാർട്ടികളും മാധ്യമങ്ങളും ശ്രമിച്ചുവെന്ന് അദ്ദേഹം പറഞ്ഞു. റോഡിൽ മുറിവ് പറ്റി കിടന്നയാളെ പോലീസ് ആശുപത്രിയിൽ കൊണ്ടുപോവുകയാണ് ചെയ്തത്. അവിടെയെത്തിയ ശേഷം അയാൾ അക്രമാസക്തനാവുകയും എല്ലാവരെയും ആക്രമിക്കുകയുമാണ് ചെയ്തതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ദാരുണമായ സംഭവം നടന്നിട്ട് സർക്കാരിനെതിരെ എങ്ങനെ വാർത്ത ഉണ്ടാക്കാമെന്നാണ് ബൂർഷ്വാ പാർട്ടികളും മാധ്യമങ്ങളും നോക്കിയത്. സംഭവിക്കാൻ പാടില്ലാത്തതാണ് സംഭവിച്ചത്. എന്നാൽ ഇതുമായി ബന്ധപ്പെട്ട് മന്ത്രി വീണാ ജോർജിന്റെ പ്രസ്താവന പിടിച്ച് സംസ്ഥാന സർക്കാരിനെതിരെ പ്രചരണമാക്കി വിഷയത്തെ മാറ്റാൻ ശ്രമിച്ചു. ഇത്ര മനുഷ്യത്വം ഇല്ലാത്ത കാര്യമാണോ ചെയ്യുന്നതെന്ന് അദ്ദേഹം ചോദിച്ചു.
കോൺഗ്രസിനെതിരെ അദ്ദേഹം രൂക്ഷ വിമർശനം ഉന്നയിക്കുകയും ചെയ്തു. സംസ്ഥാനത്ത് ബിജെപിയെ നേരിടാൻ കോൺഗ്രസിന് സാധിക്കില്ല. കേരളത്തിൽ കോൺഗ്രസിന് ഒറ്റയ്ക്ക് ജയിക്കാൻ പറ്റുന്ന ഒരു മണ്ഡലം പോലുമില്ല. മുസ്ലിം ലീഗിന്റെ പിന്തുണയില്ലെങ്കിൽ വയനാട് സീറ്റിൽ രാഹുൽ ഗാന്ധി ജയിക്കില്ലായിരുന്നു. തമിഴ്നാട്ടിൽ സിപിഎമ്മിനെ പോലെ തന്നെയാണ് കോൺഗ്രസും. രണ്ട് പാർട്ടികൾക്കും ശക്തി കുറവാണെന്ന് അദ്ദേഹം പറഞ്ഞു.

