ചെന്നൈ: ഐ.പി.എല്ലില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിനെ 27 റണ്‍സിന് കീഴടക്കി ചെന്നൈ സൂപ്പര്‍ കിംഗ്‌സ്. ആദ്യ ബാറ്റിംഗിനിറങ്ങിയ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് നിശ്ചിത 20 ഓവറില്‍ എട്ടുവിക്കറ്റ് നഷ്ടത്തില്‍ 167 റണ്‍സടിച്ചു. മറുപടിക്കിറങ്ങിയ ഡല്‍ഹിക്ക് 140/8 എന്ന സ്‌കോറിലേ എത്താനായുള്ളൂ.
റുതുരാജ് ഗെയ്ക്ക്വാദ്(24), അജിങ്ക്യ രഹാനെ (21),ശിവം ദുബെ(25),അമ്ബാട്ടി റായ്ഡു(23),രവീന്ദ്ര ജഡേജ (21), മഹേന്ദ്ര സിംഗ് ധോണി (20) എന്നിവരുടെ കൂട്ടായ പരിശ്രമമാണ് ചെന്നൈയെ ഈ നിലയിലേക്ക് എത്തിച്ചത്. ഇന്‍ഫോം ഓപ്പണര്‍ ഡെവോണ്‍ കോണ്‍വേയ് (10) പതിവ് ശൈലിയിലേക്ക് ഉയരാതെ അഞ്ചാം ഓവറില്‍ പുറത്തായതിന് ശേഷം കൃത്യമായ ഇടവേളകളില്‍ ചെന്നൈയ്ക്ക് വിക്കറ്റുകള്‍ നഷ്ടമായിക്കൊണ്ടേയിരുന്നു. 11ഓവറില്‍ 77/3 എന്ന നിലയിലായിരുന്നു അവര്‍. ശിവം ദുബെയും അമ്ബാട്ടി റായ്ഡുവും പുറത്തായപ്പോള്‍ 126/6 എന്ന നിലയിലായി. ധോണിയും ജഡേജയും ചേര്‍ന്നാണ് 150 കടത്തിയത്. ധോണി ഒന്‍പത് പന്തില്‍ ഒരു ഫോറും രണ്ട് സിക്‌സും പായിച്ചു.
ഡല്‍ഹിക്ക് വേണ്ടി മിച്ചല്‍ മാര്‍ഷ് മൂന്ന് വിക്കറ്റ് വീഴ്ത്തി.അക്ഷര്‍ പട്ടേലിന് രണ്ട് വിക്കറ്റ് ലഭിച്ചു. മറുപടിക്കിറങ്ങിയ ഡല്‍ഹിക്ക് 25 റണ്‍സിനിടെ മൂന്ന് വിക്കറ്റുകള്‍ നഷ്ടപ്പെട്ടിരുന്നു. ആദ്യ ഓവറില്‍ വാര്‍ണറെയും (0) മൂന്നാം ഓവറില്‍ ഫില്‍ സാള്‍ട്ടിനെയും (17) പുറത്താക്കിയ ദീപക് ചഹറാണ് ആദ്യ പ്രഹരം നല്‍കിയത്. തുടര്‍ന്ന് മഹേഷ് പതിരാണകൂടി ആക്രമിക്കാന്‍ എത്തിയതോടെ ഡല്‍ഹിയുടെ ചേസിംഗ് തളര്‍ന്നു. മൂന്ന് വിക്കറ്റാണ് പതിരാണ വീഴ്ത്തിയത്.

