എസ്.എസ്.എല്‍.സി-പ്ലസ് ടു ഗ്രേസ് മാര്‍ക്ക്; ദേശീയ കായികമത്സരത്തില്‍ പങ്കെടുത്തവരെയും പരിഗണിക്കും

തിരുവനന്തപുരം: എസ്.എസ്.എല്‍.സി, ഹയര്‍സെക്കന്‍ഡറി ഗ്രേസ് മാര്‍ക്കിന് ദേശീയ കായികമത്സരത്തില്‍ പങ്കെടുത്തവരെയും പരിഗണിക്കാന്‍ ശുപാര്‍ശ. എത്ര മാര്‍ക്ക് നല്‍കണമെന്നതു നിശ്ചയിച്ച് വൈകാതെ വിദ്യാഭ്യാസവകുപ്പ് ഉത്തരവിറക്കും.

അതേസമയം, ദേശീയ കായികമത്സരങ്ങളില്‍ ഏതെങ്കിലും മെഡല്‍ നേടുന്നവര്‍ക്ക് 25 മാര്‍ക്ക് അനുവദിക്കാനായിരുന്നു സര്‍ക്കാര്‍ ഉത്തരവ്. ദേശീയമത്സരങ്ങളില്‍ പങ്കെടുത്തവരെയും മുന്‍കാലങ്ങളില്‍ ഗ്രേസ് മാര്‍ക്കിന് പരിഗണിച്ചിരുന്നു.

എന്നാല്‍, ഇത് ഒഴിവാക്കിയതിനെതിരേ പരാതികള്‍ ഉയര്‍ന്നതിനെ തുടര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദേശമനുസരിച്ച് മന്ത്രി വി. ശിവന്‍കുട്ടി വിളിച്ചുചേര്‍ത്ത ഉന്നതതല യോഗത്തിലാണ് ദേശീയമത്സരങ്ങളില്‍ പങ്കെടുത്തവര്‍ക്കും ഗ്രേസ് മാര്‍ക്കിനുള്ള ശുപാര്‍ശ. അതേസമയം, തീരുമാനം വ്യക്തമാക്കി ഉത്തരവിറക്കാന്‍ വിദ്യാഭ്യാസവകുപ്പിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.