ഇന്ത്യൻ വ്യോമസേനയ്ക്ക് ശക്തി പകരാൻ സി- 295 വിമാനങ്ങൾ; പരീക്ഷണ പറക്കൽ വിജയകരമായി പൂർത്തിയാക്കി

ന്യൂഡൽഹി: ഇന്ത്യൻ വ്യോമസേനയ്ക്ക് ശക്തി പകരാൻ സി- 295 വിമാനങ്ങൾ എത്തുന്നു. സ്‌പെയിൻ ആസ്ഥാനമായ സ്വകാര്യ കമ്പനി വ്യോമസേനയ്ക്ക് നിർമ്മിച്ചു നൽകുന്ന 56 സി -295 വിമാനങ്ങളിൽ ആദ്യത്തേതിന്റെ പരീക്ഷണ പറക്കൽ വിജയകരമായി പൂർത്തിയാക്കിയതായി വ്യോമസേനാ വൃത്തങ്ങൾ അറിയിച്ചു. ഇന്ത്യയിൽ നിന്ന് പൈലറ്റുമാരും സാങ്കേതിക വിദഗ്ദ്ധരും ഉൾപ്പെടുന്ന സംഘം ഉടൻതന്നെ സ്‌പെയിനിലേക്ക് തിരിക്കുമെന്നാണ് റിപ്പോർട്ട്.

നിലവിൽ ബ്രിട്ടീഷ് നിർമ്മിത ആവ്രോ വിമാനങ്ങളാണ് വ്യോമസേന ഉപയോഗിക്കുന്നത്. ഇതിന് പകരമാകും സി 295 വിമാനങ്ങൾ ഉപയോഗിക്കുക. ആവ്രോ വിമാനങ്ങൾ ഘട്ടംഘട്ടമായി ഒഴിവാക്കണമെന്ന് നേരത്തെ വ്യോമസേന തീരുമാനിച്ചിരുന്നു. ഒക്ടോബർ മാസത്തോടെ ആദ്യവിമാനം പുറത്തിറക്കാനാണ് പദ്ധതിയിടുന്നതെന്നും വ്യോമസേനാ വൃത്തങ്ങൾ വിശദമാക്കുന്നു.

സി- 295 എം ഡബ്ല്യു വിമാനങ്ങൾ അത്യാധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെയാണ് പ്രവർത്തിക്കുന്നത്. സൈനികരെയും ആയുധങ്ങളും ചരക്കുകളും പാരാഡ്രോപ്പു ചെയ്യാനുള്ള സൗകര്യമാണ് ഇതിന്റെ മറ്റൊരു സവിശേഷത. 21000 കോടി രൂപയുടെ കരാറിലാണ് ഇന്ത്യയും സ്‌പെയിനുമായി ഒപ്പുവെച്ചത്. 2021 സെപ്റ്റംബറിലാണ് സ്‌പെയിനുമായി ഇന്ത്യ കരാറിലേർപ്പെട്ടത്. വ്യോമസേന വാങ്ങുന്ന 56 വിമാനങ്ങളിൽ 16 എണ്ണം സ്‌പെയിനിലും ശേഷിക്കുന്ന 40 എണ്ണം പത്തുവർഷത്തിനുള്ളിൽ ഇന്ത്യയിലും നിർമ്മിക്കുമെന്ന് കരാറിൽ വ്യക്തമാക്കുന്നു.