ന്യൂഡൽഹി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് നോട്ടീസ് നൽകാൻ ഡൽഹി യൂണിവേഴ്സിറ്റി. അനുമതിയില്ലാതെ കാമ്പസ് സന്ദർശിക്കരുതെന്ന് ചൂണ്ടിക്കാട്ടിയാണ് രാഹുൽ ഗാന്ധിയ്ക്ക് നോട്ടീസ് നൽകുന്നത്. ഡൽഹി യൂണിവേഴ്സിറ്റി രജിസ്ട്രാർ വികാസ് ഗുപ്തയാണ് ഇക്കാര്യം അറിയിച്ചത്. യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ വിദ്യാർഥികളെ സന്ദർശിച്ചതിന് പിന്നാലെയാണ് നടപടി.
ഇത്തരത്തിലുള്ള സന്ദർശനം വിദ്യാർഥികളുടെ സുരക്ഷ അപകടത്തിലാക്കുമെന്നുമെന്നാണ് സർവ്വകലാശാലയുടെ വിലയിരുത്തൽ. കൂടിക്കാഴ്ചകൾക്ക് പ്രോട്ടോക്കോൾ പാലിക്കേണ്ടതുണ്ടെന്നും സർവകലാശാല രാഹുലിനെ അറിയിക്കുമെന്നാണ് റിപ്പോർട്ട്. രാഹുലിന്റേത് അനധികൃത സന്ദർശനമായിരുന്നുവെന്ന് രജിസ്ട്രാർ പറഞ്ഞു.
രാഹുൽഗാന്ധി ഡൽഹി യൂണിവേഴ്സിറ്റിയുടെ പോസ്റ്റ് ഗ്രാജ്വേറ്റ് മെൻസ് ഹോസ്റ്റൽ സന്ദർശിച്ചത് കഴിഞ്ഞ വെള്ളിയാഴ്ച്ചയായിരുന്നു. സർവകലാശാല ഇതിനെതിരെ കടുത്ത വിമർശനം ഉന്നയിച്ചിരുന്നു. ഇത്തരം കാര്യങ്ങൾ ഒഴിവാക്കാൻ ആവശ്യമായ നടപടികൾ സർവകലാശാല അധികൃതർ സ്വീകരിക്കുമെന്നും ഭാവിയിൽ ഇത് ആവർത്തിക്കില്ലെന്ന് ഉറപ്പാക്കുമെന്നും സർവകലാശാല കൂട്ടിച്ചേർത്തു.

