എഐ ക്യാമറ വിവാദം; കെൽട്രോണിൽ പരിശോധന നടത്തി ആദായ നികുതി വകുപ്പ്

തിരുവനന്തപുരം: കെൽട്രോണിൽ പരിശോധന നടത്തി ആദായ നികുതി വകുപ്പ്. റോഡുകളിൽ എഐ ക്യാമറ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് ഇടപാടിനെ കുറിച്ചാണ് ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥർ പരിശോധന നടത്തിയത്. ക്യാമറ പദ്ധതിയിലെ കരാറുകളും ഉപകരാറുകളും സംബന്ധിച്ചാണ് അന്വേഷണം നടക്കുന്നത്. കരാർ സംബന്ധിച്ച മുഴുവൻ രേഖകളും ഒരാഴ്ചയ്ക്കുള്ളിൽ ഹാജരാക്കണമൊണ് ആദായ നികുതി വകുപ്പ് കെൽട്രോണിന് നൽകിയിരിക്കുന്ന നിർദ്ദേശം.

ആദായ നികുതി വകുപ്പിന്റെ 10 പേരടങ്ങുന്ന സംഘമാണ് കെൽട്രോണിൽ പരിശോധനയ്‌ക്കെത്തിയത്. തിങ്കളാഴ്ച രാവിലെ പത്തുമണിക്ക് ശേഷമായിരുന്നു റെയ്ഡ്. എഐ ക്യാമറയുമായി ബന്ധപ്പെട്ട കരാറും ഉപകരാറും സംബന്ധിച്ച മുഴുവൻ രേഖകളും ആവശ്യപ്പെട്ടെങ്കിലും കെൽട്രോൺ അധികൃതർ രണ്ടാഴ്ച സാവകാശം ചോദിച്ചിട്ടുണ്ട്. മറ്റ് ഓഫീസുകളിൽ നിന്നു കൂടി രേഖകൾ ശേഖരിക്കണമെന്നാണ് കെൽട്രോൺ ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നത്.

അതേസമയം, വ്യവസായവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി പി എം മുഹമ്മദ് ഹനീഷ് നാളെ അന്വേഷണ റിപ്പോർട്ട് വ്യവസായ മന്ത്രിയ്ക്ക് കൈമാറും.