ജയ്പൂർ: രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടിനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ച് കോൺഗ്രസ് നേതാവ് സച്ചിൻ പൈലറ്റ്. മുഖ്യമന്ത്രിയുടെ പ്രസംഗം കേട്ടതിന് ശേഷം അദ്ദേഹത്തിന്റെ നേതാവ് സോണിയ ഗാന്ധിയല്ല, മുതിർന്ന ബിജെപി നേതാവ് വസുന്ധര രാജെയാണെന്ന് തോന്നുന്നുവെന്നായിരുന്നു സച്ചിൻ പൈലറ്റിന്റെ പ്രതികരണം.
രാജസ്ഥാനിൽ തന്റെ സർക്കാരിനെ അട്ടിമറിക്കാൻ ഉപമുഖ്യമന്ത്രിയായിരുന്ന സച്ചിൻ പൈലറ്റിന്റെ നേതൃത്വത്തിൽ നീക്കം നടന്നെന്നും, ബിജെപി നേതാവായ വസുന്ധര രാജെയാണ് അത് തടഞ്ഞതെന്നും അശോക് ഗെഹ്ലോട്ട് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇതിനെതിരെയായിരുന്നു സച്ചിൻ പൈലറ്റിന്റെ പ്രതികരണം. ബിജെപി തന്റെ സർക്കാരിനെ താഴെയിറക്കാൻ ശ്രമിച്ചുവെന്ന് അദ്ദേഹം ആരോപിക്കുന്നു. മറ്റൊരു ബിജെപി നേതാവ് തന്റെ സർക്കാരിനെ രക്ഷിക്കാൻ സഹായിച്ചുവെന്നും അദ്ദേഹം പറയുന്നു. ഈ വൈരുദ്ധ്യം അദ്ദേഹം വിശദീകരിക്കണമെന്ന് സച്ചിൻ പൈലറ്റ് ആവശ്യപ്പെട്ടു.
ഈ പരാമർശത്തിലൂടെ ഗെഹ്ലോട്ട് സ്വന്തം പാർട്ടിയിലെ എംഎൽഎമാരെ അപമാനിക്കുകയും തിരഞ്ഞെടുപ്പിന് മുമ്പ് സ്വന്തം പാർട്ടിയെ ദ്രോഹിക്കുകയും ചെയ്തു. കഴിഞ്ഞ രണ്ടര വർഷമായി ഗെഹ്ലോട്ടിന്റെ ഭാഗത്തു നിന്ന് നിരവധി ആക്രമണങ്ങൾ സഹിച്ചിട്ടുണ്ട്. ഇത്രയും അധിക്ഷേപങ്ങൾ ഉണ്ടായിട്ടും, പാർട്ടിയെ തകർക്കാൻ ആഗ്രഹിക്കാത്തതിനാൽ താൻ ഒന്നും പറഞ്ഞില്ല. അദ്ദേഹം സോണിയ ഗാന്ധിയെ പോലും അപമാനിച്ചു. തന്നെ രാജ്യദ്രോഹിയെന്ന് ആരോപിച്ചുവെന്നും സച്ചിൻ പൈലറ്റ് കൂട്ടിച്ചേർത്തു.

