കെട്ടിട നിര്‍മ്മാണ പെര്‍മിറ്റ് ഫീസിലെ വര്‍ധനയില്‍ സിപിഎം വിമര്‍ശനം; സര്‍ക്കാര്‍ ഇളവുകള്‍ പ്രഖ്യാപിച്ചേക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് കെട്ടിട നിര്‍മ്മാണത്തിനുള്ള പെര്‍മിറ്റ് ഫീസിലെ വന്‍ വര്‍ധനയില്‍ സര്‍ക്കാര്‍ ചില ഇളവുകള്‍ പ്രഖ്യാപിച്ചേക്കുമെന്ന് സൂചന. 80 മുതല്‍ 150 ചതുരശ്ര മീറ്റര്‍ വരെ (862 മുതല്‍ 1615 ചതുരശ്ര അടി) വിസ്തീര്‍ണമുള്ള കെട്ടിടങ്ങളുടെ സ്ലാബിലാണ് ഇളവിന് ആലോചന.

സ്ലാബില്‍ വരുന്ന പാര്‍പ്പിട ആവശ്യത്തിനുള്ള കെട്ടിടങ്ങള്‍ക്കു പഞ്ചായത്തുകളില്‍ 50 രൂപ, നഗരസഭകളില്‍ 70 രൂപ, കോര്‍പറേഷനുകളില്‍ 100 രൂപ എന്നിങ്ങനെയാണു പുതുക്കിയ നിരക്ക്. എന്നാല്‍, പെര്‍മിറ്റ് ഫീസിലെ വര്‍ധന പ്രതീക്ഷിച്ചതിലും കൂടി എന്നാണ് സിപിഎം വിലയിരുത്തുന്നത്. സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ ഇക്കാര്യത്തില്‍ കടുത്ത നിലപാട് എടുത്തിരുന്നു. സിപിഎം സംസ്ഥാന സമിതിയും വിമര്‍ശനം ഉയര്‍ത്തി. സാധാരണക്കാരുടെയും ഇടത്തരക്കാരുടെയും മേല്‍ അമിതഭാരം ഏല്‍പിക്കരുതെന്ന നിര്‍ദേശവും ഉണ്ടായി. ഇക്കാര്യം സര്‍ക്കാരിനെ അറിയിച്ചു. പെട്രോള്‍ സെസിലും ഇതേ നിലപാടാണ് സിപിഎമ്മിനുള്ളത്.

കെട്ടിട നിര്‍മ്മാണ അപേക്ഷാ ഫീസ്, പെര്‍മിറ്റ് ഫീസ്, വന്‍കിട കെട്ടിടങ്ങള്‍ക്കുള്ള ലേ ഔട്ട് അംഗീകാരത്തിനുള്ള സ്‌ക്രൂട്ടിനി ഫീസ് തുടങ്ങിയവയില്‍ വലിയ വര്‍ധനവാണ് സംസ്ഥാനത്ത് നിലവില്‍ വന്നത്. ഫീസുകള്‍ പത്തിരട്ടിയോളം വര്‍ധിക്കും. കെട്ടിട നിര്‍മ്മാണത്തിനുള്ള അപേക്ഷാ ഫീസ് 30 രൂപയില്‍ നിന്ന് മിനിമം 300 രൂപയാക്കി. പഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോര്‍പ്പറേഷന്‍ എന്നിങ്ങനെ സ്ലാബ് അടിസ്ഥാനത്തില്‍ 1,000-5,000 രൂപ വരെയാകും. പഞ്ചായത്തില്‍ 150 ചതുരശ്ര മീറ്റര്‍ വരെയുള്ള വീടുകള്‍ക്കുള്ള പെര്‍മിറ്റ് ഫീസ് 525 രൂപയില്‍ നിന്ന് 7,500 രൂപയാകും. 250 ചതുരശ്ര മീറ്റര്‍ വിസ്തൃതിയുള്ള വീടുകള്‍ക്ക് 1,750 രൂപയില്‍ നിന്ന് 25,000 രൂപയാകും. നഗര മേഖലയില്‍ 150 ചതുരശ്ര മീറ്റര്‍ വരെയുള്ള വീടുകള്‍ക്ക് 750 രൂപയില്‍ നിന്ന് 15,000 രൂപയാകും. നഗരമേഖലയില്‍ 250 ചതുരശ്ര മീറ്റര്‍ വരെയുള്ള വീടുകള്‍ക്ക് 2,500 രൂപയില്‍ നിന്ന് 37,500 രൂപയാക്കിയും കൂട്ടും. അതേസമയം വേണ്ടത്ര ചര്‍ച്ചകള്‍ നടത്തിയ ശേഷമാണ് കെട്ടിട നിര്‍മ്മാണ പെര്‍മിറ്റ് ഫീസ് പുതുക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതെന്ന് മന്ത്രി എം ബി രാജേഷ് നേരത്തെ പറഞ്ഞിരുന്നു.