ജയ്പുര്‍: രാജസ്ഥാനില്‍ സര്‍ക്കാരിനെ വീഴ്ത്താന്‍ അമിത് ഷായില്‍ നിന്ന് വാങ്ങിയ പണം തിരികെ നല്‍കണമെന്ന് മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട് സച്ചിന്‍പക്ഷ എംഎല്‍എമാരോട് പൊതുവേദിയില്‍ വെച്ച് പരസ്യമായി അഭ്യര്‍ത്ഥിച്ചു. ‘2020-ല്‍ സര്‍ക്കാരിനെ വീഴ്ത്താനായി ചില എംഎല്‍എമാര്‍ 10 മുതല്‍ 15 കോടി രൂപ വരെ അമിത് ഷായില്‍നിന്ന് വാങ്ങി. ഈ പണം തിരികെ നല്‍കണം, പണം ചെലവായിപ്പോയെങ്കില്‍ എ.ഐ.സി.സിയില്‍ നിന്ന് വാങ്ങിത്തരാം. അമിത് ഷായുടെ പണം കയ്യിലുള്ള കാലം വരെ അയാള്‍ സമ്മര്‍ദ്ദം ചെലുത്തിക്കൊണ്ടേയിരിക്കും.’-ഗെഹ്‌ലോട്ട് പറഞ്ഞു.
അതേസമയം, അഴിമതിക്കെതിരെ താന്‍ ശക്തമായി ശബ്ദമുയര്‍ത്തുമെന്നും പക്ഷേ, ചിലര്‍ അങ്ങനെയല്ല എന്നായിരുന്നു ഗെലോട്ടിനെ ലക്ഷ്യമാക്കിക്കൊണ്ട് കഴിഞ്ഞ ദിവസം സച്ചിന്റെ പ്രസ്താവന. ബിജെപി. സര്‍ക്കാരിന്റെ കാലത്തെ അഴിമതികളില്‍ നടപടി വേണമെന്ന് സ്വന്തം സര്‍ക്കരിനോടാവശ്യപ്പെട്ട് സമരം നടത്തിയ സച്ചിന്‍ പൈലറ്റ് ചോദ്യപ്പേപ്പര്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ടാണ് കഴിഞ്ഞ ദിവസം സര്‍ക്കാരിനെതിരെ സംസാരിച്ചിരുന്നത്.
ഗെഹ്‌ലോട്ട് സര്‍ക്കാര്‍ അഴിമതിയോട് സന്ധി ചെയ്തതിനെതിരെ ഹൈക്കമാന്‍ഡിന്റെ വിലക്ക് ലംഘിച്ച് സച്ചിന്‍ പൈലറ്റ് നേരത്തെ ഉപവാസസമരം നടത്തിയിരുന്നു. വസുന്ധരരാജെ നേതൃത്വം നല്‍കിയ ബിജെപി സര്‍ക്കാരിന്റെ അഴിമതിക്കെതിരെ നടപടി സ്വീകരിക്കാന്‍ അശോക് ഗെലോട്ട് സര്‍ക്കാര്‍ തയ്യാറായില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സച്ചിന്റെ ഉപവാസമെങ്കിലും കോണ്‍ഗ്രസ് നേതൃത്വത്തിനുള്ള താക്കീതായി പ്രതിഷേധം മാറുകയായിരുന്നു. എന്നാല്‍, കോണ്‍ഗ്രസിന്റെ പ്രതിച്ഛായ തകര്‍ത്ത സച്ചിനെതിരെ നടപടി വേണമെന്നാവശ്യപ്പെട്ട് ഗെഹ്‌ലോട്ട് പക്ഷം രംഗത്തെത്തിയിരുന്നു. 2020 ജൂലൈയില്‍ സച്ചിനും അദ്ദേഹത്തെ പിന്തുണച്ചിരുന്ന എണ്‍പതോളം എംഎല്‍എമാരും ഗെഹ്‌ലോട്ട് സര്‍ക്കാരിനെതിരെ കലാപക്കൊടി ഉയര്‍ത്തിയിരുന്നു. ഒരു മാസത്തോളം നീണ്ട ഗുരുതര രാഷ്ട്രീയ പ്രതിസന്ധി രാഹുലും പ്രിയങ്കയും ഉള്‍പ്പെടെ ഇടപെട്ടാണ് പരിഹരിച്ചത്.

