തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ നിർമാണത്തിൽ അദാനി ഗ്രൂപ്പിന് നൽകേണ്ട കരാർ തുക വായ്പയെടുത്ത് നൽകി സർക്കാർ. കെഎഫ്സിയിൽ നിന്നാണ് വായ്പയെടുത്തിട്ടുള്ളത്. 150 കോടി രൂപയാണ് കൈമാറിയത്. കെഎഫ്‌സിയിൽ നിന്നുള്ള വായ്പ സർക്കാരിന്റെ പൊതുകടത്തിൽപ്പെടുത്തുമെന്ന് എജിയുടെ മുന്നറിയിപ്പിനിടെയാണ് തുറമുഖ വകുപ്പ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്.
സംസ്ഥാന സർക്കാരാണ് തുറമുഖ കരാറനുസരിച്ച് കടലിൽ പുലിമുട്ട് നിക്ഷേപിക്കുന്നതിനുള്ള ചെലവ് നൽകേണ്ടത്. നികുതിയടക്കം 409 കോടി രൂപയാണ് ഇതിൽ ആദ്യ ഗഡുവായി അദാനി ഗ്രൂപ്പിന് കൈമാറേണ്ടത്. നേരത്തെ 100 കോടി രൂപ കെഎഫ്സിയിൽ നിന്ന് കടമെടുത്ത് നൽകിയതിൽ വിശദീകരണമാവശ്യപ്പെട്ട് അക്കൗണ്ടന്റ് ജനറൽ സർക്കാരിന് കത്തുനൽകിയിരുന്നു. ഇത് അംഗീകരിക്കില്ലെന്ന് ധനവകുപ്പ് അറിയിച്ചിരുന്നെങ്കിലും എജി മറുപടി നൽകിയിട്ടില്ല. ഈ സാഹചര്യത്തിലാണ് തുറമുഖവകുപ്പ് 150 കോടി രൂപ കൂടി കടമെടുത്ത് അദാനി ഗ്രൂപ്പിന് നൽകിയത്.

