അടുത്ത വര്‍ഷത്തെ റിപ്പബ്‌ളിക് ദിന പരേഡില്‍ വനിതാ സൈനികര്‍; സജീവ നീക്കവുമായി കേന്ദ്രം

ന്യൂഡല്‍ഹി: അടുത്ത വര്‍ഷത്തെ റിപ്പബ്‌ളിക് ദിന പരേഡില്‍ ഡല്‍ഹിയില്‍ മാര്‍ച്ച് പാസ്റ്റിലും ടാബ്‌ളോകളിലും മറ്റുപ്രകടനങ്ങളിലും വനിതാ സൈനികര്‍ മാത്രമായിരിക്കും പങ്കെടുക്കുക. വിവിധ മേഖലകളിലെ സ്ത്രീപങ്കാളിത്തം കൂട്ടുന്ന കേന്ദ്രസര്‍ക്കാര്‍ നയത്തിന്റെ ഭാഗമാണിതെന്നാണ് റിപ്പോര്‍ട്ട്. ഇക്കഴിഞ്ഞ ഫെബ്രുവരി ഏഴിന് നടന്ന യോഗത്തിലാണ് ഇതുസംബന്ധിച്ച് തീരുമാനമായത്.

എന്നാല്‍, റിപ്പബ്‌ളിക് ദിന പരേഡില്‍ സ്ത്രീകളെ മാത്രം പങ്കെടുപ്പിക്കാനാണ് നീക്കമെങ്കിലും ഇത് മുഴുവനായും പ്രാവര്‍ത്തികമാകുമോ എന്ന സംശയം ഉയരുന്നുണ്ട്. ഇതിന് വേണ്ടത്ര സ്ത്രീ സൈനികള്‍ സേനയില്‍ ഇല്ലെന്നാണ് സൂചന. നിലവില്‍ ചില മാര്‍ച്ചിംഗ് സംഘങ്ങളില്‍ പുരുഷന്മാര്‍ മാത്രമാണ് ഉള്ളത്. വാര്‍ഷിക പരേഡില്‍ സൈന്യത്തിലെ വനിതാ ഉദ്യോഗസ്ഥര്‍ സംഘങ്ങളെ നയിക്കുകമാത്രമാണ് ഇതിനുമുമ്പ് ചെയ്തിട്ടുള്ളത്.

അതേസമയം, സായുധ സേനയില്‍ 1990-കള്‍ മുതല്‍ സ്ത്രീകളെ ഓഫീസര്‍മാരായി ഉള്‍പ്പെടുത്തിയിട്ടുണ്ട്, എന്നാല്‍ അവര്‍ 65,000-ത്തോളം വരുന്ന ഓഫീസര്‍ കേഡറില്‍ വെറും 3,900 (ഏകദേശം 1,710 ആര്‍മി, 1,650 ഐഎഎഫും 600 നേവിയും) മാത്രമാണ്. സൈനിക മെഡിക്കല്‍ സ്ട്രീമില്‍ 1,670 വനിതാ ഡോക്ടര്‍മാരും 190 ദന്തഡോക്ടര്‍മാരും 4,750 നഴ്‌സുമാരും വെവ്വേറെയുണ്ട്. എല്ലാവരും ഓഫീസര്‍മാരാണ്. എന്നാല്‍ അടുത്തകാലം വരെ വനിതാ പി ബി ഒ ആര്‍മാര്‍(പേഴ്‌സണല്‍ ബിലോ ഓഫീസ് റാങ്ക് )ഉണ്ടായിരുന്നില്ല. 2019-2020ല്‍ ആര്‍മി ആദ്യമായി മറ്റ് റാങ്കുകളില്‍ സ്ത്രീകളെ റിക്രൂട്ട് ചെയ്യാന്‍ തുടങ്ങിയതിന് ശേഷം കോര്‍പ്‌സ് ഓഫ് മിലിട്ടറി പൊലീസില്‍ ഇപ്പോള്‍ 100 വനിതാ ജവാന്‍മാരുണ്ട്.