മുംബൈ: എൻസിപി നേതൃസ്ഥാനത്ത് ശരത് പവാർ തന്നെ തുടരാൻ സാധ്യത. നേതൃസ്ഥാനത്ത് തുടരാൻ പവാറിനോട് അഭ്യർഥിച്ച് മുംബൈയിൽ ചേർന്ന പാർട്ടി കോർ കമ്മിറ്റി യോഗം പ്രമേയം പാസാക്കി. എൻസിപി അധ്യക്ഷ സ്ഥാനത്ത് നിന്നുള്ള ശരത് പവാറിന്റെ രാജി കമ്മറ്റി തള്ളി. മുതിർന്ന നേതാവ് പ്രഫുൽ പട്ടേലാണ് എൻസിപി യോഗത്തിൽ പ്രമേയം അവതരിപ്പിച്ചത്.
പവാറിന്റെ രാജി നിരസിക്കാനും നേതൃസ്ഥാനത്ത് അദ്ദേഹം തുടരണമെന്ന് അഭ്യർഥിക്കുകയും ചെയ്യുന്നതായിരുന്നു പ്രമേയം. അതേസമയം, എൻസിപി കോർകമ്മിറ്റിയുടെ പ്രമേയം ശരത് പവാർ അംഗീകരിക്കുമോയെന്ന കാര്യം വ്യക്തമല്ല.
എൻസിപി ദേശീയ അധ്യക്ഷ സ്ഥാനം ഒഴിയുന്നുവെന്ന പ്രഖ്യാപനം കഴിഞ്ഞ ദിവസമാണ് ശരദ് പവാർ നടത്തിയത്. മുംബൈയിൽ നടന്ന ആത്മകഥാ പ്രകാശന ചടങ്ങിലാണ് അദ്ദേഹം ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. എൻസിപി രൂപീകരിച്ചത് മുതൽ ശരത് പവാറാണ് പാർട്ടി അദ്ധ്യക്ഷൻ.
പാർട്ടി അദ്ധ്യക്ഷ സ്ഥാനത്ത് നിന്നും രാജിവെച്ചാലും പൊതുജീവിതം തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. ശരദ് പവാർ ഒഴിയുന്നതോടെ എൻസിപിയുടെ തലപ്പത്തേക്ക് ആര് വരുമെന്ന ആകാംക്ഷയിലാണ് എല്ലാവരും. ശരദ് പവാറിന്റെ മകൾ സുപ്രിയ സുലേ ഉൾപ്പെടെ നേതൃസ്ഥാനത്തേക്ക് ഉയർന്നുവരുമെന്നായിരുന്നു ദേശീയ മാദ്ധ്യമങ്ങൾ നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നത്.
അജിത് പവാർ ബിജെപിയുമായി അടുക്കുന്നുവെന്ന അഭ്യൂഹങ്ങൾക്കിടെയാണ് ശരദ് പവാർ സ്ഥാനമൊഴിയാനുള്ള തീരുമാനം സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്.

