തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ യുഎഇ സന്ദർശനത്തിന് കേന്ദ്ര സർക്കാർ അനുമതി നൽകാത്തത്തതിൽ പ്രതികരണവുമായി കെപിസിസി അധ്യക്ഷൻ കെ. സുധാകരൻ. മുഖ്യമന്ത്രിയുടെ യുഎഇ സന്ദർശനം കേന്ദ്രസർക്കാർ റദ്ദാക്കിയതു സംബന്ധിച്ച് ദുരൂഹത നിലനിൽക്കുന്നതിനാൽ ഇക്കാര്യത്തിൽ കേന്ദ്ര സംസ്ഥാന സർക്കാരുകൾ വ്യക്തത വരുത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
ഇതാദ്യമായാണ് കേരളത്തിന്റെ ചരിത്രത്തിൽ ഒരു മുഖ്യമന്ത്രിക്ക് വിദേശയാത്രാനുമതി നിഷേധിച്ചത്. ഇതിനു മതിയായ കാരണങ്ങൾ കാണുമെന്ന് കരുതുന്നവരുണ്ട്. സാധാരണ ഗതിയിൽ കേന്ദ്രം ഇത്തരമൊരു നിലപാട് സ്വീകരിച്ചാൽ ശക്തമായി രംഗത്തുവരുന്ന മുഖ്യമന്ത്രി നിശബ്ദനാണ്. മുഖ്യമന്ത്രിയുടെ വിദേശയാത്രയെ മതിയായ കാരണങ്ങളില്ലാതെയാണ് കേന്ദ്രം തടഞ്ഞതെങ്കിൽ അതു കേരളത്തിനെ അപമാനിക്കുന്നതിനു തുല്യമായതിനാൽ കേന്ദ്രവും ഇക്കാര്യത്തിൽ വ്യക്തത വരുത്തണമെന്ന് അദ്ദേഹം അറിയിച്ചു.

