പനാജി: ചൈനീസ് വിദേശകാര്യ മന്ത്രി ക്വിൻ ഗാങുമായി കൂടിക്കാഴ്ച നടത്തി കേന്ദ്ര വിദേശകാര്യമന്ത്രി എസ് ജയശങ്കർ. ഷാങ്ഹായ് കോർപ്പറേഷൻ ഓർഗനൈസേഷൻ ഉച്ചകോടിയിൽ പങ്കെടുക്കാൻ ക്വിൻ ഗാങ് ഗോവയിൽ എത്തിയപ്പോഴാണ് ഇരുവരും തമ്മിൽ കൂടിക്കാഴ്ച്ച നടത്തിയത്. ലഡാക്ക് ഉൾപ്പെടെയുള്ള അതിർത്തി വിഷയങ്ങൾ ഇരുവരും ചർച്ച ചെയ്തു.
ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തെക്കുറിച്ചും അതിർത്തി പ്രദേശങ്ങളിൽ സമാധാനം ഉറപ്പാക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനെക്കുറിച്ചും ചൈനീസ് വിദേശകാര്യ മന്ത്രിയുമായി സംസാരിച്ചതായി ജയശങ്കർ അറിയിച്ചു. രണ്ടുമാസത്തിനിടെ ഇത് രണ്ടാംതവണയാണ് ഇന്ത്യയിലെയും ചൈനയിലെയും വിദേശകാര്യ മന്ത്രിമാർ തമ്മിൽ ചർച്ച നടത്തുന്നത്.
നേരത്തെ ജി 20 വിദേശകാര്യമന്ത്രിമാരുടെ യോഗത്തിൽ പങ്കെടുക്കാൻ എത്തിയ സമയത്ത് ഇരുവരും ചർച്ച നടന്നിരുന്നു. റഷ്യൻ വിദേശകാര്യമന്ത്രിയുമായും അന്ന് ജയശങ്കർ ചർച്ച നടത്തിയിരുന്നു.

