അപകീർത്തിക്കേസ്; രാഹുൽ ഗാന്ധി നേരിട്ട് ഹാജരാകണമെന്ന് ഉത്തരവിട്ട് റാഞ്ചി കോടതി

ന്യൂഡൽഹി: അപകീർത്തിക്കേസിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ഹാജരാകണമെന്ന് ഉത്തരവിട്ട് റാഞ്ചി കോടതി. നേരിട്ട് ഹാജരാകുന്നതിൽ നിന്ന് ഒഴിവാക്കണമെന്ന രാഹുലിന്റെ അപേക്ഷ തള്ളിയാണ് കോടതി ഇതുസംബന്ധിച്ച നിർദ്ദേശം നൽകിയത്.

മോദി പരാമർശവുമായി ബന്ധപ്പെട്ട് പ്രദീപ് മോദി എന്നയാളാണ് രാഹുൽ ഗാന്ധിക്കെതിരെ മാനനഷ്ടക്കേസ് ഫയൽ ചെയ്തത്. രാഹുൽ ഗാന്ധിക്കെതിരെ മൂന്നു കേസുകളാണ് ജാർഖണ്ഡിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഇതിൽ രണ്ടെണ്ണം റാഞ്ചിയിലും ഒരെണ്ണം ചൈബസയിലുമാണ്. അതേസമയം, അപകീർത്തിക്കേസിൽ ശിക്ഷിച്ച സൂറത്ത് ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേട്ട് കോടതി ഉത്തരവ് സ്റ്റേ ചെയ്യണമെന്ന കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ ഹർജി ഗുജറാത്ത് ഹൈക്കോടതി വേനലവധിക്കു ശേഷം വിധി പറയാൻ മാറ്റിയിരുന്നു. വേനലവധി കഴിയുന്നതു ജൂണിലായതിനാൽ അതുവരെ ഇടക്കാല സ്റ്റേ അനുവദിക്കണമെന്നാണ് രാഹുലിനു വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ അഭിഷേക് മനു സിങ്വി ആവശ്യപ്പെട്ടത്. എന്നാൽ, കോടതി ഇത് അംഗീകരിക്കാൻ തയ്യാറായില്ല.