ന്യൂഡല്‍ഹി: ‘ദി കേരള സ്റ്റോറി’ എന്ന സിനിമ വിദ്വേഷ പ്രസംഗം പ്രോത്സാഹിപ്പിക്കുന്നതാണെന്നാരോപിച്ച് അഭിഭാഷകനായ നിസാം പാഷ സുപ്രീം കോടതിയില്‍. ജസ്റ്റിസുമാരായ കെ.എം ജോസഫും, ബി.വി നാഗരത്നയും അടങ്ങിയ സുപ്രീംകോടതി ബഞ്ചിന് മുമ്പാകെയാണ് വിഷയം ഉന്നയിച്ചത്.
അതേസമയം, സെന്‍സര്‍ ബോര്‍ഡിന്റെ അനുമതിയോടെയാണ് ചിത്രം പ്രദര്‍ശനത്തിനെത്തുന്നതെന്ന് ബഞ്ചിന് നേതൃത്വം നല്കിയ ജസ്റ്റിസ് കെ.എം. ജോസഫ് പറഞ്ഞു. പരാതിക്കാരന് ഹൈകോടതിയോ, ഉത്തരവാദിത്തപ്പെട്ട മറ്റുസംവിധാനങ്ങളേയോ സമീപിച്ചുകൂടേയെന്നും, പരാതിക്കാര്‍ക്ക് ഈ വിഷയത്തില്‍ നേരിട്ട് സുപ്രീം കോടതിയെ എങ്ങനെ സമീപിക്കാന്‍ കഴിയുമെന്നും ബഞ്ചിലെ അംഗമായ ജസ്റ്റിസ് ബി.വി. നാഗരത്നയും ചോദിച്ചു. വിദ്വേഷ പ്രസംഗക്കേസില്‍ പ്രത്യേക അപേക്ഷ ഫയല്‍ ചെയ്താണ് ഈ വിഷയം സുപ്രീം കോടതിയില്‍ കൊണ്ടുവരാന്‍ പരാതിക്കാരന് ശ്രമിച്ചത്. എന്നാല്‍ മറ്റൊരു കേസില്‍ അപേക്ഷയായി ഈ വിഷയം പരിഗണിക്കാന്‍ ബഞ്ച് വിസമ്മതിക്കുകയായിരുന്നു.
എന്നാല്‍, ചിത്രത്തിന്റെ ട്രെയിലറിന്റെ ട്രാന്‍സ്ക്രിപ്റ്റ് കോടതി പരിശോധിക്കണമെന്ന് മുതിര്‍ന്ന അഭിഭാഷകന് കപില്‍ സിബല്‍ ആവശ്യപ്പെട്ടു. ഇതിനകം 16 ദശലക്ഷം പേരാണ് ട്രെയ്ലര് കണ്ടത്. ചിത്രത്തിന്റെ റിലീസിനെതിരെ ഉടന്‍ തന്നെ വിശദമായ ഹര്‍ജി ഫയല്‍ ചെയ്യുമെന്ന് കപില്‍ സിബല്‍ കോടതിയെ അറിയിച്ചു.

