‘ദ കേരള സ്റ്റോറി’ക്കെതിരെ എന്ത് നടപടി സ്വീകരിക്കാം? നിയമോപദേശം തേടി സര്‍ക്കാര്‍

തിരുവനന്തപുരം: വിവാദ ചലച്ചിത്രം ‘ദ കേരള സ്റ്റോറി’ക്കെതിരെ നിയമപരമായി നീങ്ങുമെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചതിന് പിന്നാലെ എന്ത് നടപടി സ്വീകരിക്കാന്‍ കഴിയും എന്നതില്‍ നിയമോപദേശം തേടി സര്‍ക്കാര്‍. സംസ്ഥാനത്ത് പ്രദര്‍ശന അനുമതി നിഷേധിക്കുന്നതടക്കം സര്‍ക്കാര്‍ ആലോചനയിലുണ്ടെന്നാണ് വിവരം. മെയ് 5നാണ് ചിത്രം റിലീസ് ചെയ്യുന്നത്.

അതേസമയം, സിനിമ കേരളത്തിനെതിരെ വിദ്വേഷപ്രചാരണം ലക്ഷ്യമിട്ട് നിര്‍മ്മിച്ചതെന്നെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. സംഘപരിവാര്‍ നുണ ഫാക്ടറിയുടെ ഉത്പ്പന്നമാണ് സിനിമ. വിദ്വേഷ പ്രചാരണത്തിലൂടെ കേരളത്തിലെ തെരഞ്ഞെടുപ്പാണ് സംഘപരിവാര്‍ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

എന്നാല്‍, കേരള സ്റ്റോറിയുമായി ബന്ധപ്പെട്ട വിവാദത്തില്‍ സംവിധായകന്‍ സുദീപ്‌തോ സെന്‍ കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു. 32000 അല്ല അതിലധികം ഉണ്ടാകും മതം മാറി കേരളത്തില്‍ നിന്നും ഐഎസില്‍ പോയവരുടെ എണ്ണമെന്ന് സുദീപ്‌തോ സെന്‍ പറഞ്ഞു. ഇങ്ങനെ ഉള്ള ആറായിരത്തോളം കേസുകള്‍ പഠിച്ചാണ് സിനിമ ഉണ്ടാക്കിയതെന്നും സംവിധായകന്‍ പറഞ്ഞു. സിനിമ കണ്ട ശേഷം വേണം രാഷ്ട്രിയക്കാര്‍ വിമര്‍ശിക്കാനെന്നും സംവിധായകന്‍ ചൂണ്ടിക്കാട്ടി.