കണ്ണൂര്‍: കേരളത്തിലെ അദാനിയാണ് ഊരാളുങ്കല്‍ സൊസൈറ്റിയെന്ന് മുസ്ലീം ലീഗ് നേതാവ് കെ.എം ഷാജി ആരോപിച്ചു. പ്രധാനമന്ത്രിക്കു വേണ്ടി അദാനിയും മുഖ്യമന്ത്രിക്കു വേണ്ടി ഊരാളുങ്കലും കള്ളപ്പണം വെളുപ്പിക്കുന്നുവെന്നും കണ്ണൂരില്‍ യൂത്ത് ലീഗ് പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യവെയാണ് അദ്ദേഹം പറഞ്ഞു.
അതേസമയം, പ്ലസ് ടു കോഴ കേസില്‍ കെ.എം ഷാജിക്കെതിരെയുള്ള വിജിലന്‍സ് കേസ് ഹൈക്കോടതി റദ്ദാക്കിയിരുന്നു. തുടര്‍ന്ന് കെ.എം ഷാജിക്ക് യൂത്ത് ലീഗിന്റെ നേതൃത്വത്തില്‍ നല്കിയ സ്വീകരണത്തിനിടെയാണ് അദ്ദേഹം ആരോപണങ്ങള്‍ ഉന്നയിച്ചത്.
തനിക്കെതിരായ അന്വേഷണത്തിന് പിന്നില്‍ മുഖ്യമന്ത്രിയാണ്. മുഖ്യമന്ത്രിയുടെ പിണറായിയിലെ വീടിന്റെ ഹൗസ് നമ്പര്‍ ഔട്ട് ഹൗസിന്റേതാണ്. സമാനമായി ഔട്ട് ഹൗസിന് നല്‍കിയിരിക്കുന്നത് വീടിന്റെ നമ്പറും. ഇത്തരത്തിലുള്ള തട്ടിപ്പുകള്‍ മുഖ്യമന്ത്രി നടത്തുന്നുണ്ട്. ആരോപണങ്ങളെല്ലാം അന്വേഷിക്കാവുന്നതാണ്. തെറ്റാണെങ്കില്‍ തനിക്കെതിരെ കേസെടുക്കാമെന്നും ഷാജി വ്യക്തമാക്കിയിരുന്നു.

