ജന്തര്‍ മന്ദറില്‍ പ്രതിഷേധിച്ചതുകൊണ്ട് ഗുസ്തി താരങ്ങള്‍ക്ക് നീതി ലഭിക്കില്ല: ബ്രിജ് ഭൂഷണ്‍ സിങ്‌

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ ജന്തര്‍മന്തറില്‍ തനിക്കെതിരേ പ്രതിഷേധം തുടരുന്ന ഗുസ്തി താരങ്ങള്‍ക്കെതിരേ വീണ്ടും ബ്രിജ് ഭൂഷണ്‍ സിങ് രംഗത്ത്.

ഹരിയാനയിലെ 90 ശതമാനം ഗുസ്തി താരങ്ങളും അവരുടെ രക്ഷിതാക്കളും ഫെഡറേഷനൊപ്പമാണെന്നും തനിക്കെതിരേ പരാതി നല്‍കിയ വനിതാ താരങ്ങളെല്ലാം കോണ്‍ഗ്രസ് നേതാവായ ദീപേന്ദര്‍ സിങ് ഹൂഡ രക്ഷാധികാരിയായ അഖാഡയില്‍ പരിശീലിക്കുന്നവാരണെന്നും ബ്രിജ് ഭൂഷണ്‍ ചൂണ്ടിക്കാട്ടി.

‘ഈ വനിതാ താരങ്ങളെല്ലാം മഹാദേവ് റെസ്ലിങ് അക്കാദമിയില്‍ നിന്നുള്ളവരാണ്. ദീപേന്ദര്‍ സിങ് ഹൂഡ (കോണ്‍ഗ്രസ് നേതാവ്) രക്ഷാധികാരിയായ അഖാഡയാണ് ഇതെന്ന് ലോകത്തിന് മുഴുവന്‍ അറിയാം. പ്രതിഷേധക്കാരെല്ലാം ഇപ്പോള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെയാണ് സംസാരിക്കുന്നത്. അവരെല്ലാവരും ഇന്ത്യന്‍ റെയില്‍വേയിലെ ജീവനക്കാരാണെന്ന കാര്യം ശ്രദ്ധിക്കേണ്ടതുണ്ട്. ജന്തര്‍ മന്ദറില്‍ പ്രതിഷേധിച്ചതുകൊണ്ട് ഗുസ്തി താരങ്ങള്‍ക്ക് നീതി ലഭിക്കില്ല. നീതി വേണമെങ്കില്‍ പോലീസിനേയും കോടതിയേയും സമീപിക്കണം. ഇതുവരെ ഇതൊന്നും ചെയ്യാതെ അവര്‍ എന്നെ അധിക്ഷേപിച്ചുകൊണ്ടിരിക്കുകയാണ്. വിഷയത്തില്‍ കോടതി എന്തുതന്നെ വിധിച്ചാലും അനുസരിക്കും’- അദ്ദേഹം പറഞ്ഞു.