ഈശ്വരന്റെ കഴുത്തിലാണ് പാമ്പ് ഉള്ളത്; രാജ്യത്തെ ജനങ്ങൾ തനിക്ക് ഈശ്വരന് തുല്യമാണെന്ന് പ്രധാനമന്ത്രി

കോലാർ: കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ പരാമർശത്തിന് മറുപടിയുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. വിഷപ്പാമ്പ് പരാമർശത്തിന് മറുപടിയുമായാണ് പ്രധാനമന്ത്രി രംഗത്തെത്തിയത്. താൻ പാമ്പിനെപ്പോലെ തന്നെയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. രാജ്യത്തെ ശക്തമാക്കുന്നതിനും അഴിമതി മുക്തമാക്കുന്നതിനും തന്റെ സർക്കാർ കഠിനാധ്വാനം ചെയ്യുകയാണ്. എന്നാൽ കോൺഗ്രസിന് അത് ഇഷ്ടപ്പെടുന്നില്ല. അതുകൊണ്ടാണ് അവർ തന്നെ വിഷപ്പാമ്പെന്ന് വിളിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

എന്നാൽ, തനിക്ക് പറയാനുള്ളത് ഈശ്വരന്റെ കഴുത്തിലാണ് പാമ്പ് ഉള്ളത് എന്നകാര്യമാണ്. രാജ്യത്തെ ജനങ്ങൾ തനിക്ക് ഈശ്വരന് തുല്യമാണ്. അതിനാൽ അവർക്കൊപ്പം എപ്പോഴും ഉണ്ടാകുന്ന പാമ്പ് തന്നെയാണ് താൻ. തെരഞ്ഞെടുപ്പിൽ ജനങ്ങൾ കോൺഗ്രസിന് ശക്തമായ തിരിച്ചടി നൽകും.കോൺഗ്രസ് 85 ശതമാനം കമ്മീഷൻ വാങ്ങുന്ന പാർട്ടിയാണ്. അവരുടെ പ്രധാനമന്ത്രിതന്നെ അക്കാര്യം ഒരിക്കൽ അംഗീകരിച്ചിട്ടുള്ളതാണ്. കർണാടകയിൽ അധികാരത്തിലെത്താനും കൊള്ളനടത്താനും അവർ കഠിനമായി പരിശ്രമിക്കുകയാണ്. എന്നാൽ അതൊന്നും നടക്കാൻ പോകുന്നില്ലെന്ന് പ്രധാനമന്ത്രി മുന്നറിയിപ്പ് നൽകി.

ഇരട്ട എൻജിൻ സർക്കാരിന്റെ പ്രയോജനങ്ങൾ എന്തൊക്കെയാണെന്ന് കർണാടകയിലെ ജനങ്ങൾക്ക് നന്നായറിയാം. കോലാറിലെ ജനം കോൺഗ്രസിനും ജെ.ഡി.എസ്സിനും ഉറക്കമില്ലാത്ത രാത്രികൾ സമ്മാനിക്കുമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.