ന്യൂഡൽഹി: അബ്ദുൾ നാസർ മഅദനിയുടെ കേരള സന്ദർശനത്തിന് തടസം സൃഷ്ടിച്ച് കർണാടക സർക്കാരിന്റെ നിലപാട്. മഅദനി കേരളത്തിലേക്ക് പോകുമ്പോൾ അകമ്പടി പോകുന്ന പൊലീസുകാരുടെ എണ്ണം വെട്ടികുറയ്ക്കാൻ കഴിയില്ലെന്നാണ് കർണാടക സർക്കാർ അറിയിച്ചിട്ടുള്ളത്. സർക്കാരിന്റെ ചട്ടങ്ങൾ പ്രകാരമാണ് അകമ്പടി ചെലവ് കണക്കാക്കിയത്. ബംഗളൂരു സിറ്റി പൊലീസ് കമ്മീഷണർ ഉദ്യോഗസ്ഥൻ യതീഷ് ചന്ദ്രയുടെ നേതൃത്വത്തിൽ ഉള്ള സംഘം കേരളം സന്ദർശിച്ചാണ് അകമ്പടി സംബന്ധിച്ച ശുപാർശ തയ്യാറാക്കിയതെന്നും കർണാടക സർക്കാർ സുപ്രീം കോടതിയിൽ ഫയൽ ചെയ്ത മറുപടി സത്യവാങ്മൂലത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്.
അകമ്പടിയുമായി ബന്ധപ്പെട്ട ചെലവിൽ കർണാടക പൊലീസിന്റെ ആവശ്യത്തിനെതിരെ പി.ഡി.പി ചെയർമാൻ അബ്ദുൾ നാസർ മഅദനി സുപ്രീം കോടതിയെ സമീപിച്ചിരുന്നു. ഇരുപത് പൊലീസുകാർ അകമ്പടിയായി മഅദനിക്കൊപ്പം പോകുമെന്ന് നേരത്തെ അറിയിച്ചിരുന്നു. ഇവരുടെ ചെലവിനായി പ്രതിമാസം 20.23 ലക്ഷം രൂപയാണ് കർണാടക പോലീസ് ആവശ്യപ്പെട്ടത്. ഇത് വെട്ടി കുറയ്ക്കണം എന്നാവശ്യപ്പെട്ടാണ് മദനി സുപ്രീം കോടതിയെ സമീപിച്ചത്. ഈ ആവശ്യം അംഗീകരിക്കരുതെന്ന് കർണാടക ഭീകര വിരുദ്ധ സെല്ലിന്റെ അസിസ്റ്റന്റ് കമ്മീഷണർ ഡോ. സുമീത് എ.ആർ സുപ്രീം കോടതിയിൽ അറിയിച്ചു.

