നവൽഗുൻഡ്: കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയ്‌ക്കെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ പരാമർശം നടത്തിയതിനാണ് അദ്ദേഹം ഖാർഗെക്കെതിരെ രംഗത്തെത്തിയത്. കോൺഗ്രസ് നേതാക്കൾക്ക് സ്വബോധം നഷ്ടപ്പെട്ടെന്ന് അദ്ദേഹം പറഞ്ഞു. കർണാടകയിൽ തിരഞ്ഞെടുപ്പ് പ്രചാരണ റാലിയിൽ സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.
ലോകത്തെവിടെ പോയാലും ജനം മോദി, മോദി എന്ന് മുദ്രാവാക്യം വിളിച്ചാണ് സ്വാഗതം ചെയ്യുന്നത്. ലോകം മുഴുവൻ വളരെ ബഹുമാനത്തോടെ നരേന്ദ്ര മോദിയെ സ്വാഗതം ചെയ്യുകയാണ്. ഇന്ത്യയുടെ അഭിമാനം കഴിഞ്ഞ ഒൻപത് വർഷമായി നരേന്ദ്ര മോദി ലോകം മുഴുവനും ഉയർത്തി. രാജ്യത്തിന്റെ ഉന്നതിക്കായി അദ്ദേഹം പ്രവർത്തിച്ചു. അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുകയും ഇന്ത്യയുടെ അതിർത്തികൾ സുരക്ഷിതമാക്കുകയും ചെയ്തുവെന്നും അമിത് ഷാ ചൂണ്ടിക്കാട്ടി.
കോൺഗ്രസ് പ്രവർത്തകർക്ക് ബോധം പോയിരിക്കുകയാണ്. കോൺഗ്രസ് മോദിയുടെ ശവക്കുഴി തോണ്ടുകയാണെന്ന് മുദ്രാവാക്യം വിളിച്ചു. മരണത്തിന്റെ വ്യാപാരി എന്നാണ് സോണിയ ഗാന്ധി വിശേഷിപ്പിച്ചത്. താഴ്ന്ന ജാതിയിൽപെട്ടയാൾ എന്നാണ് പ്രിയങ്ക ഗാന്ധി അദ്ദേഹത്തെ ആക്ഷേപിച്ചത്. ഒടുവിൽ വിഷം ചീറ്റുന്ന പാമ്പ് എന്ന് മല്ലികാർജുൻ ഖർഗെയും വിശേഷിപ്പിച്ചു. മോദിയെ എത്രയേറെ അപകീർത്തിപ്പെടുത്താൻ ശ്രമിക്കുന്നുവോ അത്രയേറെ കൂടുതൽ താമര വിരിയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

