ലഖ്നൗവിന് മുന്നില്‍ കാലിടറി വീണ് പഞ്ചാബ്. പഞ്ചാബിന്റെ ഹോംഗ്രൗണ്ടില്‍ എതിരാളികള്‍ ഉയര്‍ത്തിയ 258 റണ്‍സെന്ന കൂറ്റന്‍ ലക്ഷ്യത്തിലേക്ക് കുതിച്ച ധവാനും സംഘവും 56 റണ്‍സ് അകലെ വീണു. ലഖ്നൗ സ്‌കോര്‍ 257/5. പഞ്ചാബ് 201/10.
പഞ്ചാബ് നിരയില്‍ അഥര്‍വ ടൈഡിന്റെ (36 പന്തില്‍ 66) അര്‍ധ സെഞ്ച്വറി പ്രകടനത്തിനും ടീമിനെ വിജയത്തിലെത്തിക്കാനായില്ല. സിക്കന്തര്‍ റാസയും ഭേദപ്പെട്ട പ്രകടനം കാഴ്ച വച്ചെങ്കിലും ലഖ്നൗ ബൗളിങ് കരുത്തില്‍ ലക്ഷ്യം കാണാനാവാതെ 10 പേരും കൂടാരം കയറുകയായിരുന്നു. നായകന്‍ ശിഖര്‍ ധവാന്റെ വിക്കറ്റാണ് പഞ്ചാബിന് ആദ്യം നഷ്ടമായത്. സ്‌കോര്‍ മൂന്നില്‍ നില്‍ക്കെയായിരുന്നു ഇത്. തുടര്‍ന്ന് അധികം താമസിയാതെ തന്നെ സഹ ഓപണറും ഇംപാക്ട് പ്ലയറുമായ പ്രഭ്സിമ്രന്‍ സിങ്ങും പുറത്തായി. 13 പന്ത് നേരിട്ട സിമ്രന് കേവലം ഒമ്ബത് റണ്‍സ് മാത്രമാണെടുക്കാനായത്.
തുടര്‍ന്ന് വന്ന അഥര്‍വ ടൈഡും സിക്കന്തര്‍ റാസയും ചേര്‍ന്ന് സ്‌കോറിന് വേഗം കൂട്ടിയെങ്കിലും 22 പന്തില്‍ 36 റണ്‍സെടുത്ത് നില്‍ക്കെ മൂന്നാം വിക്കറ്റ് വീണു. യാഷ് താക്കൂറിന്റെ പന്തില്‍ കൃനാല്‍ പാണ്ഡ്യ പിടിച്ച് റാസ പുറത്ത്. തുടര്‍ന്ന് സ്‌കോര്‍ 127ല്‍ നില്‍ക്കെ ടൈഡും പുറത്തായി. പിന്നീട് വന്നവരില്‍ ലിയാം ലിവിങ്സ്റ്റണും (14 പിന്തില്‍ 23), സാം കരനും (11 പന്തില്‍ 21) ജിതേഷ് ശര്‍മയും (10 പന്തില്‍ 24) മാത്രമാണ് രണ്ടക്കം തികയ്ക്കാനായത്. വിക്കറ്റുകള്‍ വലിയ ഇടവേളയില്ലാതെ വീണുകൊണ്ടിരുന്ന പഞ്ചാബ് നിരയില്‍ രാഹുല്‍ ചഹാറും കഗിസോ റബാദയും പൂജ്യത്തിനാണ് പുറത്തായത്. വാലറ്റക്കാരും പൂര്‍ണമായും മുട്ടുമടക്കിയതോടെ ലഖ്നൗവിന് പഞ്ചാബിനെതിരെ സൂപ്പര്‍ ജയം. ലഖ്നൗ നിരയില്‍ യഷ് താക്കൂര്‍ ആണ് നാല് വിക്കറ്റെടുത്ത് പഞ്ചാബിന്റെ നട്ടെല്ലൊടിച്ചത്. നവീന്‍ ഉല്‍ ഹഖ് മൂന്ന് വിക്കറ്റെടുത്ത് ഇതിന് കിടിലന്‍ പിന്തുണ നല്‍കി. രവി ബിഷ്ണോയ് രണ്ടും മാര്‍ക്കസ് സ്റ്റോണിസ് ഒരു വിക്കറ്റും സ്വന്തമാക്കി.
ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ സ്‌കോറാണ് ലഖ്നൗവിന്റെ ബാറ്റിങ്ങില്‍ നിന്നും പിറന്നത്. ഓപ്പണറും ക്യാപ്റ്റനുമായ രാഹുല്‍ (12) ഒഴിച്ച് ബാക്കിയെല്ലാവരും ലഖ്നൗവിനായി മിന്നും പ്രകടനമാണ് കാഴ്ചവെച്ചത്. 24 പന്തില്‍ ഏഴ് ബൗണ്ടറിയും നാല് സിക്സറുമുള്‍പ്പെടെ 54 റണ്‍സെടുത്ത് മെയേഴ്സ് തുടങ്ങിവെച്ച ബാറ്റിങ് വെടിക്കെട്ട് അതേ താളത്തില്‍ അവസാന ഓവര്‍ വരെ ലഖ്നൗ തുടരുകയായിരുന്നു. ബദോണി 24 പന്തില്‍ 43 റണ്‍സെടുത്തപ്പോള്‍ സ്റ്റോയിനിസ് 40 പന്തില്‍ അഞ്ച് സിക്സറും ആറ് ബൗണ്ടറിയുമുള്‍പ്പെടെ 72 റണ്‍സെടുത്താണ് മടങ്ങിയത്. അഞ്ചാം നമ്ബരിലെത്തിയ പൂരനും പഞ്ചാബില്‍ ബാറ്റിങ് പൂരം തന്നെ നടത്തി. 19 പന്തില്‍ ഏഴ് ബൗണ്ടറിയും ഒരു സിക്സറുമുള്‍പ്പെടെ പൂരന്‍ 45 റണ്‍സെടുത്തു. ഇന്നത്തെ ജയത്തോടെ റാങ്ക് പട്ടികയില്‍ രണ്ടാമതെത്തി. പഞ്ചാബ് ആറാമതാണ്.

