ന്യൂഡല്‍ഹി: റെയില്‍വെ ടിക്കറ്റ് നിരക്കില്‍ മുതിര്‍ന്ന പൗരന്മാര്ക്ക് ഉണ്ടായിരുന്ന ഇളവ് പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് നല്കിയ ഹര്‍ജി തള്ളി സുപ്രീം കോടതി. ജസ്റ്റിസുമാരായ എസ്.കെ കൗള്‍, അഹ്സനുദ്ദീന്‍ അമാനുള്ള എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജി തള്ളിയത്.
മുതിര്‍ന്ന പൗരന്മാരുടെ ആവശ്യങ്ങള്‍ പരിഗണിച്ച് സര്‍ക്കാരാണ് ഇക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത്. ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 32 പ്രകാരമുള്ള ഹര്‍ജിയില്‍ ഉത്തരവ് പുറപ്പെടിവിക്കുന്നത് ഉചിതമല്ലെന്നും കോടതി നിരീക്ഷിച്ചു.
അതേസമയം, കോവിഡിനെ തുടര്‍ന്ന് ജനങ്ങളുടെ യാത്ര കുറയ്ക്കുന്നതിനും രോഗവ്യാപനം തടയുന്നതിനും ലക്ഷ്യമിട്ടായിരുന്നു മുതിര്‍ന്ന പൗരന്മാര്ക്കുള്ള യാത്ര ഇളവ് 2020ല്‍ കേന്ദ്രസര്‍ക്കാര്‍ നിര്‍ത്തലാക്കിയത്. കോവിഡ് കാലത്ത് നിര്‍ത്തലാക്കിയ ഇളവുകള്‍ പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് എം.കെ ബാലകൃഷ്ണനാണ് കോടതിയെ സമീപിച്ചത്.

