തൃശ്ശൂർ: പരാതി നൽകുന്ന കെഎസ്ആർടിസി ജീവനക്കാർക്ക് അച്ചടക്കത്തോടെ ജോലി ചെയ്യാനും ബാധ്യതയുണ്ടെന്ന നിരീക്ഷണവുമായി മനുഷ്യാവകാശ കമ്മീഷൻ. ജീവനക്കാർ അനധികൃതമായി ജോലിയ്ക്ക് ഹാജരാകാതിരിക്കുന്നതു കാരണം വരുമാനത്തിൽ കുറവുണ്ടാകുന്നതായി കെഎസ്ആർടിസി എം ഡി കമ്മീഷനെ അറിയിച്ച സാഹചര്യത്തിലാണ് മനുഷ്യാവകാശ കമ്മീഷൻ ഇക്കാര്യം വ്യക്തമാക്കിയത്.
ജീവനക്കാർക്ക് ശമ്പള കുടിശ്ശിക ലഭിക്കാനുണ്ടെങ്കിൽ അത് അടിയന്തരമായി ലഭ്യമാക്കാൻ കെഎസ്ആർടിസി എം ഡി നടപടി സ്വീകരിക്കണമെന്നും കമ്മീഷൻ അറിയിച്ചു. മനുഷ്യാവകാശ കമ്മീഷൻ അംഗം വി. കെ. ബീനാകുമാരിയാണ് ഇക്കാര്യം ആവശ്യപ്പെട്ടത്.
2018 സെപ്തംബറിലെ ചില ദിവസങ്ങളിൽ ശമ്പളം ലഭിച്ചിട്ടില്ലെന്നാരോപിച്ച് കെഎസ്ആർടിസി തൃശൂർ ഡിപ്പോയിലെ ആറ് ഡ്രൈവർമാരാണ് മനുഷ്യാവകാശ കമ്മീഷനിൽ പരാതി സമർപ്പിച്ചത്. പരാതിക്കാർക്ക് നിയമാനുസൃതം ലഭ്യമാകേണ്ട തുക നൽകുന്നതിൽ കാലതാമസം ഉണ്ടാകുന്നതിന് കാരണം സാമ്പത്തിക പ്രതിസന്ധിയാണെന്നും റിപ്പോർട്ടിലുണ്ട്. ശമ്പളം നൽകാൻ കഴിയാതിരുന്നത് പരാതിക്കാർ മുൻകൂർ അനുമതിയില്ലാതെ അനധികൃതമായി ജോലിക്ക് ഹാജരാകാത്തത് കാരണമാണെന്ന് എം ഡി വ്യക്തമാക്കി.

