തൃശ്ശൂർ പൂരം; കാണികൾ ജീർണിച്ചതും നിർമാണത്തിലുള്ളതുമായ കെട്ടിടങ്ങളിൽ കയറുന്നതിന് വിലക്ക്

തൃശ്ശൂർ: തൃശ്ശൂർ പൂരം കാണാൻ വേണ്ടി ജീർണിച്ചതും നിർമാണത്തിലുള്ളതുമായ കെട്ടിടങ്ങളിൽ കയറുന്നതിന് വിലക്ക്. പൂരം കാണാനായി ജീർണിച്ചതും, അപകടാവസ്ഥയിലുള്ളതും, നിർമ്മാണാവസ്ഥയിലുള്ളതും, ശരിയായ കൈവരികളും, കോണിപ്പടികൾ ഇല്ലാത്തതുമായ കെട്ടിടങ്ങളിൽ കയറുന്നത് അനുവദിക്കില്ല. സിറ്റി പോലീസ് കമ്മീഷണർ അങ്കിത് അശോകനാണ് ഇക്കാര്യം അറിയിച്ചത്.

കോർപ്പറേഷനും, പൊതുമരാമത്ത് വകുപ്പും, സിറ്റി പൊലീസും ചേർന്ന് വെടിക്കെട്ടും തെക്കോട്ടിറക്കവും കുടമാറ്റവും കാണുന്നതിന് ജനങ്ങൾ കയറാൻ സാധ്യതയുള്ള സ്വരാജ് റൗണ്ടിലേയും സമീപ പ്രദേശങ്ങളിലേയും അപകടാവസ്ഥയിലുള്ളതും, നിർമ്മാണം നടന്നുകൊണ്ടിരിക്കുന്നതുമായ കെട്ടിടങ്ങളുടെ സ്ഥിതിവിവരകണക്കുകൾ ശേഖരിച്ചു. അപകടാവസ്ഥയുള്ള 85 കെട്ടിടങ്ങളാണ് ഇത്തരത്തിൽ കണ്ടെത്തിയത്.

ഏപ്രിൽ 30 നാണ് തൃശ്ശൂർ പൂരം. സ്വരാജ് റൗണ്ടിലെ ജോസ് തിയേറ്ററിന്റെ മുൻഭാഗം മുതൽ പാറമേക്കാവ് ക്ഷേത്രം വരെയുള്ള ഭാഗത്ത് റോഡിലും കുറുപ്പം റോഡ് മുതൽ എംജി റോഡ് വരെയുള്ള ഭാഗത്ത് റോഡ് കഴിഞ്ഞുള്ള നടപ്പാതയ്ക്ക് പുറത്തും പൂരം വെടിക്കെട്ടിന് കാണികൾക്ക് പ്രവേശനം അനുവദിക്കും.