ന്യൂഡൽഹി: നാല് ശതമാനം മുസ്ലിം സംവരണം റദ്ദാക്കാനുള്ള കർണാടക സർക്കാരിന്റെ തീരുമാനം മെയ് 9 വരെ നടപ്പാക്കരുതെന്ന് ഉത്തരവിട്ട് സുപ്രീം കോടതി. മുസ്ലീങ്ങൾക്കായി മുൻ സർക്കാർ ഏർപ്പെടുത്തിയ നാല് ശതമാനം സംവരണം കേസ് അടുത്ത വാദം കേൾക്കുന്ന മെയ് 9 വരെ തുടരണമെന്നാണ് കോടതി ഉത്തരവിട്ടത്. ജസ്റ്റിസുമാരായ കെ എം ജോസഫും ബി വി നാഗരത്‌നയും ഉൾപ്പെടുന്ന ബെഞ്ചാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്.
സോളിസിറ്റർ ജനറൽ തുഷാർ മേത്തയാണ് കേസിൽ സംസ്ഥാന സർക്കാരിനായി ഹാജരായത്. മുതിർന്ന അഭിഭാഷകൻ ദുഷ്യന്ത് ദവെയാണ് ഹർജിക്കാർക്കായി ഹാജരായത്. തനിക്ക് സ്വവർഗ വിവാഹവുമായി ബന്ധപ്പെട്ട ഹർജികൾ പരിഗണിക്കുന്ന ഭരണഘടനാ ബെഞ്ചിന് മുന്നിൽ ഹാജരാവാനുണ്ടെന്നും അതിനാൽ കേസ് മറ്റൊരു ദിവസത്തേക്ക് മാറ്റിവക്കണമെന്നും തുഷാർ മേത്ത കോടതിയിൽ ആവശ്യപ്പെട്ടിരുന്നു. എന്നാൽ, ദുഷ്യന്ത് ദവെ ഇതിനെ എതിർത്തു. ഇതിനകം നാല് തവണ കേസിൽ വാദം കേൾക്കൽ മാറ്റിവച്ചതായാണ് അദ്ദേഹം വ്യക്തമാക്കിയത്.

