ഡിജിറ്റൽ സയൻസ് പാർക്കിന് തറക്കല്ലിട്ട് പ്രധാനമന്ത്രി; സംസ്ഥാനത്ത് 3200 കോടി രൂപയുടെ പദ്ധതികൾക്ക് തുടക്കം കുറിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് 3200 കോടി രൂപയുടെ പദ്ധതികൾക്ക് തുടക്കം കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. സെൻട്രൽ സ്റ്റേഡിയത്തിൽ നടന്ന ചടങ്ങിലാണ് അദ്ദേഹം വിവിധ വികസന പദ്ധതികൾക്ക് തുടക്കം കുറിച്ചത്. കൊച്ചി ജല മെട്രോയും അദ്ദേഹം രാജ്യത്തിന് സമർപ്പിച്ചു. ഡിജിറ്റൽ സയൻസ് പാർക്കിന് അദ്ദേഹം തറക്കല്ലിടുകയും ചെയ്തു. തിരുവനന്തപുരം സെൻട്രൽ, വർക്കല ശിവഗിരി, കോഴിക്കോട് റെയിൽവേ സ്റ്റേഷനുകൾ രാജ്യാന്തര നിലവാരത്തിലേക്കുയർത്തുന്ന പദ്ധതിയ്ക്കും തുടക്കമായി.

പ്രധാനമന്ത്രിയ്ക്ക് പുറമെ ചടങ്ങിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, മുഖ്യമന്ത്രി പിണറായി വിജയൻ, റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്, മന്ത്രിമാരായ അബ്ദുൾ റഹ്മാൻ, ആന്റണി രാജു, ശശി തരൂർ എംപി അടക്കമുള്ള പ്രമുഖർ പങ്കെടുത്തു. കേരളത്തിലെ ജനങ്ങൾ അറിവുള്ളവരും വിദ്യാസമ്പന്നരുമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഇന്ന് രാജ്യത്തെയും വിദേശത്തെയും പരിസ്ഥിതിയെക്കുറിച്ച് കേരളത്തിലെ ജനങ്ങൾ ബോധവാന്മാരാണ്. അതിനാൽ നിങ്ങൾക്കറിയാം ലോകത്തും രാജ്യത്തും എന്താണ് നടക്കുന്നതെന്ന്. ഭാരതത്തിന്റെ വികസന സാദ്ധ്യതകൾ ലോകത്താകമാനം അംഗീകരിച്ചു കഴിഞ്ഞു. അതിന് ഒരു കാരണം കേന്ദ്ര സർക്കാരാണ്. കേരളം വികസിച്ചാൽ അതിലൂടെ ഭാരതത്തിന്റെ വികസനത്തിന് വേഗതയേറുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

എപ്പോൾ വിദേശത്ത് പോയാലും കേരളീയരെ കാണാറുണ്ട്. രാജ്യ വികസനത്തിന്റെ ഗുണം പ്രവാസികൾക്കും കിട്ടും. ഇന്ന് കേരളത്തിന് ആദ്യ വന്ദേഭാരത് ട്രെയിൻ കിട്ടി. കൊച്ചി മെട്രോയും തുടങ്ങി. റെയിൽവേയുമായി ബന്ധപ്പെട്ട നിരവധി വികസന പ്രവർത്തനങ്ങളും ആരംഭിച്ചു. യാത്രാ സൗകര്യം കൂട്ടാൻ കേന്ദ്ര സർക്കാർ ശക്തമായ നടപടികൾ സ്വീകരിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം, കേരളത്തെ സംബന്ധിച്ച് വളരെ സന്തോഷകരമായ ദിനമാണിന്നെന്ന് മുഖ്യമന്ത്രി അറിയിച്ചു. നാടിന്റെ വികസന പദ്ധതികൾക്ക് ഇന്ന് തുടക്കം കുറിക്കുകയാണ്. പൂർത്തിയാക്കിയ പദ്ധതികൾ ഇന്ന് രാജ്യത്തിന് സമർപ്പിക്കുകയാണ്. ആദരണീയനായ പ്രധാനമന്ത്രി തന്നെ ഇതിനുവേണ്ടി എത്തിച്ചേർന്നതിൽ നമുക്കെല്ലാവർക്കും ഏറെ സന്തോഷമുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.