എഐ ക്യാമറ പദ്ധതിയിലെ എല്ലാ നടപടികളും സുതാര്യം; രമേശ് ചെന്നിത്തല ഉയർത്തിയ ആരോപണങ്ങൾ നിഷേധിച്ച് കെൽട്രോൺ എം ഡി

തിരുവനന്തപുരം: എ ഐ ക്യാമറ പദ്ധതിക്കെതിരെ രമേശ് ചെന്നിത്തല ഉയർത്തിയ ആരോപണങ്ങൾ നിഷേധിച്ച് കെൽട്രോൺ എം ഡി നാരായണ മൂർത്തി. എഐ ക്യാമറ പദ്ധതിയിലെ എല്ലാ നടപടികളും സുതാര്യമെന്ന് അദ്ദേഹം പറഞ്ഞു. പദ്ധതിയ്ക്കായി ആദ്യം തന്നെ കണക്കാക്കിയിരുന്ന തുക 235 കോടിയാണെന്നും ചർച്ചകൾക്ക് ശേഷം അത് 232 കോടിയായി കുറച്ചതായും അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു.

പദ്ധതിയ്ക്കായി നീക്കി വെച്ച തുകയിൽ നിന്ന് 151 കോടി എസ് എർ ഐ ടി എന്ന സ്ഥാപനത്തിന് ഉപകരാർ പ്രകാരം നൽകി. ബാക്കി തുക ചെല്ലാൻ അയക്കാനും കെൽട്രോണിന്റെ ചെലവിനുമായി വകയിരുത്തിയെന്ന് അദ്ദേഹം വ്യക്തമാക്കി. ഉപകരാർ നൽകിയ കമ്പനിയുടെ സേവനത്തെ അദ്ദേഹം പ്രശംസിക്കുകയും ചെയ്തു.

സർക്കാർ ഇത് വരെ ഒരു പൈസയും ചെലവഴിച്ചിട്ടില്ല. ഒരു ക്യാമറയ്ക്ക് 35 ലക്ഷം രൂപ എന്ന പ്രചാരണം തെറ്റാണ്. ഒരു ക്യാമറ സിസ്റ്റത്തിന്റെ വില 9.5 ലക്ഷം മാത്രമാണ്. 74 കോടി രൂപയാണ് ക്യാമറകൾക്കായി ചെലവായ തുക. ബാക്കി സാങ്കേതിക സംവിധാനം, സർവർ റൂം, പലിശ എന്നിങ്ങനെയുള്ള ഇനത്തിലാണ് ചെലവായതെന്നും കെൽട്രോൺ എം ഡി കൂട്ടിച്ചേർത്തു.