രാജ്യത്തെ എല്ലാ ഭൂമി വിവരങ്ങളും ഇനി ഒറ്റ ക്ലിക്കില്‍

ന്യൂഡല്‍ഹി: രാജ്യത്തെ എല്ലാ ഭൂമി വിവരങ്ങളും ഒറ്റ പോര്‍ട്ടലിലാക്കാനൊരുങ്ങി കേന്ദ്രം. ഭൂമി ഏറ്റെടുക്കലും ദുരന്തനിവാരണവും മുതല്‍ വിള ഇന്‍ഷുറന്‍സ് വരെയുള്ള കാര്യങ്ങള്‍ക്ക് ‘മാതൃഭൂമി’ എന്നു പേരിട്ടിരിക്കുന്ന ജിയോപോര്‍ട്ടലിലെ വിവരങ്ങള്‍ ആധാരമാക്കും. കേന്ദ്ര ലാന്‍ഡ് റിസോഴ്‌സസ് വകുപ്പിന്റെ പദ്ധതി നാഷനല്‍ ഇന്‍ഫര്‍മാറ്റിക്‌സ് സെന്ററാണ് (എന്‍ഐസി) നടപ്പാക്കുന്നത്.

കര്‍ണാടക, ആന്ധ്രപ്രദേശ്, ബിഹാര്‍, ഗുജറാത്ത്, ഹരിയാന, തെലങ്കാന അടക്കം 11 സംസ്ഥാനങ്ങളിലെ 11 ജില്ലകളില്‍നിന്നും പരീക്ഷണാടിസ്ഥാനത്തില്‍ വിവരശേഖരണം ആരംഭിച്ചു. ഭൂമിയുടെ ആധാര്‍ എന്നു വിശേഷിപ്പിക്കുന്ന യുണീക് ലാന്‍ഡ് പാഴ്‌സല്‍ ഐഡന്റിഫിക്കേഷന്‍ നമ്പര്‍ (യുഎല്‍പിഐഎന്‍) അടിസ്ഥാനമാക്കിയാകും ഓരോ പ്ലോട്ടും ഭൂപടത്തില്‍ രേഖപ്പെടുത്തുക. ഓരോ പ്ലോട്ടിലും ക്ലിക് ചെയ്താല്‍ ഉടമയുടെ വിവരം, വായ്പവിവരം, കേസുകള്‍ തുടങ്ങിയവയെല്ലാം കാണാനാവും. ഭൂമിയുടെ തരം, ന്യായവില, റജിസ്‌ട്രേഷന്‍, കൈമാറ്റം തുടങ്ങി രണ്ടായിരത്തിലധികം വിവരങ്ങള്‍ ഡിജിറ്റല്‍ മാപ്പിലേക്കു ചേര്‍ക്കും.

സര്‍ക്കാരിനു ഒരു പദ്ധതിക്കു സ്ഥലം ഏറ്റെടുക്കണമെങ്കില്‍, പദ്ധതിയുടെ മാപ്പ് ജിയോപോര്‍ട്ടലില്‍ അപ്‌ലോഡ് ചെയ്താല്‍ അതിന്റെ പരിധിയില്‍ വരുന്ന പ്ലോട്ടുകളുടെ എണ്ണം, റിയല്‍ എസ്റ്റേറ്റ് മൂല്യം, പ്രകൃതിദുരന്ത സാധ്യത തുടങ്ങിയവയെല്ലാം അറിയാം. ഉപയോഗിക്കാതെ കിടക്കുന്ന സര്‍ക്കാര്‍ ഭൂമിയും കണ്ടെത്താം. കൃഷി, വെള്ളത്തിന്റെ ലഭ്യത, ഗുണനിലവാരം, മണ്ണിന്റെ പ്രത്യേകത, ജലസേചന സംവിധാനം അടക്കമുള്ള വിവരങ്ങളും ഉള്‍പ്പെടുത്തുന്നതിനാല്‍ ഏതു പ്രദേശത്തെയും ഭൂമിയുടെ സമഗ്ര ചിത്രം ലഭ്യമാകും.