പഞ്ചാബില്‍ കനത്ത സുരക്ഷ; അമൃത്പാലിനെതിരെ ദേശീയ സുരക്ഷാ നിയമം ചുമത്തുമെന്നും പൊലീസ്

ന്യൂഡല്‍ഹി: ഖാലിസ്ഥാന്‍ അനുകൂല നേതാവ് അമൃത്പാല്‍ സിംഗ് ഉള്‍പ്പെട്ട കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട് വിശദമായ അന്വേഷണം നടത്തുമെന്നും അമൃത്പാലിനെതിരെ ദേശീയ സുരക്ഷാ നിയമം ചുമത്തുമെന്നും പഞ്ചാബ് പൊലീസ് അറിയിച്ചു. ഇന്ന് രാവിലെ 6.45 നാണ് അമൃത്പാലിന്റെ അറസ്റ്റ് രേഖപ്പെടുത്തിയതെന്നും, ക്രമസമാധാനം ഉറപ്പാക്കാന്‍ പഞ്ചാബില്‍ സുരക്ഷ ശക്തമാക്കിയിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു.

അതേസമയം, മതമൗലിക നേതാവ് ദീപ് സിദ്ധു മരിച്ചതിന് ശേഷമാണ് അമൃത്പാല്‍ വാരിസ് പഞ്ചാബ് ദേ സംഘടനയുടെ തലപ്പത്ത് എത്തുന്നത്. ആയുധധാരികളായ സംഘത്തിനൊപ്പമാണ് അമൃത്പാലിന്റെ സഞ്ചാരം. പഞ്ചാബില്‍ ഫെബ്രുവരി 23 ന് ഉണ്ടായ സംഘര്‍ഷം അമൃത്പാല്‍ ആസൂത്രണം ചെയ്തതാണെന്നാണ് പൊലീസ് ആരോപിക്കുന്നത്. ഇയാള്‍ക്ക് ഒപ്പമുണ്ടായിരുന്ന ലവ്പ്രീതി സിങിനെ അജ്‌നാന പൊലീസ് പിടികൂടിയിരുന്നു. അമൃത്പാലിന്റെ അനുചരന്മാര്‍ ആയുധങ്ങളുമായി പൊലീസ് സ്റ്റേഷനില്‍ അതിക്രമിച്ച് കയറിയിരുന്നു.

ജലന്ധറിലെ സാകോട്ട് ടെഹ്‌സിലിലേക്ക് അമൃത്പാല്‍ എത്തുന്നുവെന്ന രഹസ്യ വിവരം ലഭിച്ചതിന് പിന്നാലെ മാര്‍ച്ച് 18 നാണ് അമൃത്പാലിനെ ഏഴ് ജില്ലകളിലെ പൊലീസ് ഉദ്യോസ്ഥരെ ഏകോപിപ്പിച്ച് രൂപികരിച്ച പ്രത്യേക സംഘം പിടികൂടിയത്. പക്ഷെ പൊലീസ് കസ്റ്റഡിയില്‍ നിന്ന് അമൃത്പാല്‍ രക്ഷപ്പെടുകയായിരുന്നു. ഒരു മാസത്തോളം തെരച്ചില്‍ നടത്തിയിട്ടും കണ്ടെത്താനായിരുന്നില്ല. അതിനിടെ ഇയാളുടെ ഭാര്യയെയും അടുത്ത അനുയായിയെയും പൊലീസ് കസ്റ്റഡിയിലെടുത്തു.