ന്യൂഡൽഹി: വിവിധ പദ്ധതികളുടെ ഉദ്ഘാടനം നിർവ്വഹിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇതിനായി 5,300 കിലോമീറ്ററാണ് 36 മണിക്കൂറിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി സഞ്ചരിക്കുന്നത്. കേരളം, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളും ദാദ്ര നാഗർ ഹവേലി ദാമൻ ദിയു കേന്ദ്രഭരണ പ്രദേശവും മോദി സന്ദർശിക്കും. ഏഴു നഗരങ്ങളിലായി 27,000 കോടിയിലധികം രൂപയുടെ പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും പ്രധാനമന്ത്രി നിർവഹിക്കുമെന്ന് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
ഡൽഹിയിൽ നിന്ന് തിങ്കളാഴ്ച നരേന്ദ്ര മോദി മധ്യപ്രദേശിലേക്കു പോകും. ഇവിടെ നിന്ന് കേരളവും ദാദ്ര നാഗർ ഹവേലിയും സന്ദർശിച്ച ശേഷം ചൊവ്വാഴ്ച അദ്ദേഹം ഡൽഹിയിൽ തിരിച്ചെത്തും.
ഡൽഹിയിൽ നിന്ന് 500 കിലോമീറ്റർ അകലെ ഖജുരാഹോയിലേക്കാണ് മോദി ആദ്യം പോകും. അവിടെ നിന്ന് ദേശീയ പഞ്ചായത്ത് ദിന പരിപാടിയിൽ പങ്കെടുക്കാൻ മധ്യപ്രദേശിന്റെ വടക്കുകിഴക്കുള്ള രേവയിവേക്ക് അദ്ദേഹം പോകും. അവിടെ നിന്ന് 280 കിലോമീറ്റർ സഞ്ചരിച്ച് തിരിച്ച് ഖജുരാഹോയിലെത്തും, തുടർന്ന് കൊച്ചിയിലേക്ക്. വിമാനമാർഗം 1,700 കിലോമീറ്റർ സഞ്ചരിച്ചാണ് കൊച്ചിയിലെ ‘യുവം’ പരിപാടിയിൽ പങ്കെടുക്കാൻ മോദി എത്തുന്നത്.
കൊച്ചിയിൽ നിന്ന് 190 കിലോമീറ്റർ സഞ്ചരിച്ച് ചൊവ്വാഴ്ച രാവിലെ അദ്ദേഹം തിരുവനന്തപുരത്തെത്തും. വന്ദേ ഭാരത് എക്‌സ്പ്രസിന്റെ ഫ്‌ലാഗ് ഓഫ്, റെയിൽവേയുടെ 4 പദ്ധതികളുടെ ഉദ്ഘാടനം, ടെക്‌നോ സിറ്റിയുടെ ശിലാസ്ഥാപനം, കൊച്ചി വാട്ടർ മെട്രോ ഉദ്ഘാടനം തുടങ്ങിയവയിൽ പങ്കെടുത്ത ശേഷം അദ്ദേഹം 1500 കിലോമീറ്റർ സഞ്ചരിച്ച് സൂറത്ത് വഴി അദ്ദേഹം ദാദ്ര നാഗർ ഹവേലിയിലെ സിൽവാസയിലേക്ക് പോകും.

