ശ്രീനഗർ: ജമ്മു കശ്മീരിൽ കഴിഞ്ഞ ദിവസമുണ്ടായ ഭീകരാക്രമണത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ആക്രമണം നടത്താനായി ഭീകരർ ഉപയോഗിച്ചത് സ്റ്റിക്കി ബോംബുകളും ചൈനീസ് സ്റ്റീൽ ബുള്ളറ്റുകളുമാണെന്നാണ് വിവരം. ഭീകരർക്ക് ചൈനീസ് സഹായം ലഭിച്ചോ എന്നാണ് നിലവിലെ ആശങ്ക. ഇതുസംബന്ധിച്ച് ഫോറൻസിക് സംഘം പരിശോധന ആരംഭിച്ചിട്ടുണ്ട്.
ഭീകരാക്രമണവുമായി ബന്ധപ്പെട്ട് 12 പേരെ എൻഐഎ കസ്റ്റഡിയിൽ എടുത്തു. അഞ്ച് ജവാന്മാരാണ് കഴിഞ്ഞ ദിവസമുണ്ടായ ഭീകരാക്രമണത്തിൽ വീരമൃത്യു വരിച്ചത്. സൈനികർ സഞ്ചരിച്ച ട്രക്കിന് നേരെ ഇരുവശങ്ങളിൽ നിന്നും ഭീകരർ വെടിയുതിർക്കുകയായിരുന്നുവെന്നാണ് വിവരം. ആസൂത്രിത ആക്രമണമാണ് നടന്നതെന്നാണ് വിലയിരുത്തപ്പെടുന്നത്. ട്രക്ക് കടന്നു പോകാനിരുന്ന റോഡിൽ മരത്തടികൾ വച്ച് ഗതാഗതം തടസപ്പെടുത്തി. മരത്തടികൾ നീക്കം ചെയ്യാൻ ഇറങ്ങിയ രണ്ട് സൈനികരെ ആദ്യം വെടിവെച്ചു. പിന്നാലെയാണ് ഗ്രേനേഡ് എറിഞ്ഞതെന്നാണ് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
നആക്രമണത്തിന് പിന്നിൽ നിരോധിത ഭീകര സംഘടനയായ ലഷ്കർ-ഇ-ത്വയ്ബ ആണെന്നാണ് സൂചന. സംഭവത്തിൽ വിശദമായ അന്വേഷണം പുരോഗമിക്കുന്നുണ്ട്.

