എൻസിഇആർടി സിലബസ് പരിഷ്‌കരണം; ഡാർവിന്റെ പരിണാമ സിദ്ധാന്തം ഒഴിവാക്കിയ നടപടിയിൽ പ്രതിഷേധവുമായി ശാസ്ത്രലോകം

ന്യൂഡൽഹി: എൻസിഇആർടി സിലബസ് പരിഷ്‌കരണത്തിന്റെ ഭാഗമായി പത്താംക്ലാസിലെ സയൻസ് പാഠപുസ്തകത്തിൽ നിന്ന് ഡാർവിന്റെ പരിണാമ സിദ്ധാന്തം ഒഴിവാക്കി. നടപടിയിൽ പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുകയാണ് ശാസ്ത്രലോകം. ബ്രേക്ക്ത്രൂ സയൻസ് സൊസൈറ്റി(ബി.എസ്.എസ്)യുടെ നേതൃത്വത്തിൽ രാജ്യത്തെ ശാസ്ത്രജ്ഞർ, അധ്യാപകർ, ശാസ്ത്രാധ്യാപകർ തുടങ്ങിയവർ വിഷയത്തിൽ പ്രതിഷേധം രേഖപ്പെടുത്തി. ഡാർവിൻ സിദ്ധാന്തം നീക്കം ചെയ്തതിൽ ആശങ്കയും അതൃപ്തിയും അറിയിച്ച് 1800-ഓളം പേർ ചേർന്ന് കേന്ദ്ര സർക്കാരിന് തുറന്ന കത്തെഴുതുകയും ചെയ്തു.

ഡാർവിന്റെ പരിണാമ സിദ്ധാന്തം പഠിപ്പിക്കുന്നത് തുടരണമെന്നും കത്തിൽ ആവശ്യപ്പെട്ടിരിക്കുന്നത്. ശാസ്ത്രത്തിലെ ഇത്തരം പ്രധാന കണ്ടെത്തലുകളും സിദ്ധാന്തങ്ങളും പാഠപുസ്തകങ്ങളിൽ നിന്ന് ഒഴിവാക്കപ്പെടുന്നത് വിദ്യാർഥികളുടെ ചിന്താപ്രക്രിയകൾക്ക് ഗുരുതര വൈകല്യങ്ങളുണ്ടാക്കുമെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു. ശാസ്ത്രീയ മനോഭാവവും യുക്തിസഹമായ ലോകവീക്ഷണവും കെട്ടിപ്പടുക്കുന്നതിൽ പരിണാമ സിദ്ധാന്തത്തിനുള്ള പങ്ക് നിർണായകമാണ്.അതുകൊണ്ട് തന്നെ 9, 10 ക്ലാസുകളിലെ ശാസ്ത്ര പുസ്തകങ്ങളിൽ മതിയായ പ്രാധാന്യത്തോടെ ഇത് പഠിപ്പിക്കണമെന്ന ആവശ്യവും ഇവർ മുന്നോട്ടുവെയ്ക്കുന്നു.