കൊച്ചിയുടെ വാട്ടര്‍മെട്രോ ഉദ്ഘാടനം തിരുവനന്തപുരത്ത്; വിരോധാഭാസമെന്ന് ഹൈബി ഈഡന്‍

കൊച്ചി: കൊച്ചിയിലെത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദി വാട്ടര്‍മെട്രോ ഉദ്ഘാടനം തിരുവനന്തപുരത്തു വെച്ച് നടത്തുന്നതിനെതിരെ എറണാകുളം എം.പി ഹൈബി ഈഡന്‍ രംഗത്ത്.

‘കേരളത്തില്‍ സി.പി.എമ്മും ബി.ജെ.പിയും തമ്മിലുള്ള അന്തര്‍ധാര സജീവമാണെന്ന് ഇതോടെ തെളിഞ്ഞിരിക്കുകയാണ്. വാട്ടര്‍മെട്രോ പ്രധാനമന്ത്രി തന്നെ ഉദ്ഘാടനം ചെയ്യണമെന്ന് ഒരു നിര്‍ബന്ധവുമില്ല. വന്ദേഭാരത് എക്സ്പ്രസ് കൊച്ചിയില്‍ നിന്ന് ഉദ്ഘാടനം ചെയ്യാവുന്നതേയുള്ളൂ. പ്രധാനമന്ത്രി തിരക്കുള്ള ഒരാളാണ്. അദ്ദേഹം തിരുവനന്തപുരത്ത് വന്ന് എല്ലാ പദ്ധതികളും ഉദ്ഘാടനം ചെയ്യുകയാണെങ്കില്‍ അത് മനസിലാക്കാം. എന്നാല്‍, 24-ന് കൊച്ചിയില്‍ ഒരു സംവാദത്തില്‍ പങ്കെടുക്കാനെത്തുന്ന പ്രധാനമന്ത്രി, അന്ന് ഇവിടെവെച്ച് ഉദ്ഘാടനം ചെയ്യാതെ, അടുത്ത ദിവസം തിരുവനന്തപുരത്തുവെച്ചാണ് കൊച്ചിയുടെ വാട്ടര്‍മെട്രോ ഉദ്ഘാടനം ചെയ്യുന്നത്. ഇത് വലിയ വിരോധാഭാസമാണ്. ഇത്രയും വലിയ പദ്ധതികളുടെ ഉദ്ഘാടനങ്ങള്‍ സംസ്ഥാന സര്‍ക്കാരാണ് തീരുമാനിക്കാറുള്ളത്. കൊച്ചിയില്‍ നിന്ന് പരിപാടി തിരുവനന്തപുരത്തേക്ക് കൊണ്ടുപോയത് മുഖ്യമന്ത്രിയാണോയെന്ന് അദ്ദേഹം വ്യക്തമാക്കണം. എന്തുകൊണ്ട് കൊച്ചിയില്‍ വരുന്ന പ്രധാനമന്ത്രി തിരുവനന്തപുരത്ത് പോയി ഉദ്ഘാടനം ചെയ്യുന്നുവെന്നുള്ളതിന് പ്രധാനമന്ത്രിയുടെ ഓഫീസ് മറുപടി പറയണം. കൊച്ചിയിലെ പദ്ധതി തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്യുന്നതില്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുകയാണ്. ബി.ജെ.പിയും സി.പി.എമ്മും തമ്മിലുള്ള ശക്തമായ ബന്ധം ഇതിലൂടെ പുറത്തുവന്നിരിക്കുകയാണ്’- അദ്ദേഹം ചൂണ്ടിക്കാട്ടി.