വയനാട്ടില്‍ ഉപതിരഞ്ഞെടുപ്പിനു കളമൊരുങ്ങുന്നു; പ്രിയങ്ക ഗാന്ധി മത്സരിക്കുമെന്ന് സൂചന

ന്യൂഡല്‍ഹി: അപകീര്‍ത്തി കേസില്‍ രാഹുല്‍ ഗാന്ധിയുടെ ഹര്‍ജി സൂറത്ത് സെഷന്‍സ് കോടതി തള്ളിയതോടെ വയനാട്ടില്‍ ഉപതിരഞ്ഞെടുപ്പിനു കളമൊരുങ്ങുകയാണ്. ഉപതിരഞ്ഞെടുപ്പ് നടന്നാല്‍ കോണ്‍ഗ്രസിനായി പ്രിയങ്കാ ഗാന്ധി മത്സരിക്കുമെന്നാണ് സൂചന.

അയോഗ്യനാക്കപ്പെട്ട് വിധി വന്നതിനാല്‍ അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പില്‍ രാഹുലിന് മത്സരിക്കാന്‍ കഴിയാത്ത സാഹചര്യമാണുള്ളത്. ഈ സാഹചര്യത്തിലാണ് പ്രിയങ്കയെ ഉയര്‍ത്തി ലോക്സഭാ മത്സരത്തിന് കോണ്‍ഗ്രസ് ഒരുങ്ങുന്നത്. രാഹുലിനേക്കാള്‍ മികച്ച ഭൂരിപക്ഷം പ്രിയങ്കയ്ക്ക് ഉറപ്പിക്കാനാണ് കോണ്‍ഗ്രസ് നീക്കം. കേരളത്തില്‍ പ്രിയങ്കയ്ക്ക് മികച്ച പിന്തുണ കിട്ടുമെന്നാണ് പാര്‍ട്ടി വിലയിരുത്തല്‍. ആറു മാസത്തില്‍ കൂടുതല്‍ ഒരു മണ്ഡലവും ഒഴിച്ചിടരുതെന്നാണ് ചട്ടം. അതിനാല്‍, എല്ലാ നിയമോപദേശവും തേടിയ ശേഷമേ ഇക്കാര്യത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ അന്തിമ തീരുമാനം എടുക്കൂ.

അതേസമയം, വയനാട് ഉപതിരഞ്ഞെടുപ്പ് ഉടനുണ്ടായേക്കില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ വൃത്തങ്ങള്‍ പറയുന്നതും വോട്ടെടുപ്പ് ഒഴിവാകാനുള്ള സാധ്യതയാണ് ചൂണ്ടിക്കാട്ടുന്നത്. ഉപതിരഞ്ഞെടുപ്പ് ഇപ്പോള്‍ ആലോചനയിലില്ല. തുടര്‍നിയമ നടപടികള്‍ നിരീക്ഷിക്കും. ഇതിന് ശേഷം മാത്രമാകും തീരുമാനമെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ വൃത്തങ്ങള്‍ നിലവില്‍ വ്യക്തമാക്കുന്നത്. മോദി സമുദായത്തിനെതിരായ പരാമര്‍ശത്തില്‍ കുറ്റക്കാരനാണെന്ന വിധി സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ടായിരുന്നു രാഹുല്‍ സൂറത്ത് ജില്ലാ കോടതിയെ സമീപിച്ചത്. അപ്പീല്‍ തള്ളിയതോടെ ഹൈക്കോടതിയെ സമീപിക്കുകയാണ് രാഹുല്‍ ഗാന്ധിയുടെ മുന്നിലുള്ള അടുത്ത വഴി.