വന്ദേ ഭാരത് സര്‍വീസ് ഈ മാസം മുതല്‍; മറ്റു ട്രെയിനുകളുടെ സമയമാറ്റം റെയില്‍വേ പ്രസിദ്ധീകരിക്കും

തിരുവനന്തപുരം: കേരളത്തിലെ വന്ദേ ഭാരത് എക്‌സ്പ്രസിന്റെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ മാസം 25-നാണ് നിര്‍വഹിക്കുക. എന്നാല്‍, ഏപ്രില്‍ 27 അല്ലെങ്കില്‍ 28 തീയതികളിലൊന്നില്‍ സര്‍വീസ് ആരംഭിക്കാനാണ് സാധ്യത.

തിരുവനന്തപുരത്തു നിന്ന് രാവിലെ 5.10-ന് പുറപ്പെട്ട് ഉച്ചയ്ക്ക് 1.15-ന് കാസര്‍കോട്ട് എത്തിച്ചേരും വിധമാണ് വന്ദേഭാരതിന്റെ സമയക്രമം. തിരികെ ഉച്ചയ്ക്ക് 2.15-ന് പുറപ്പെട്ട് രാത്രി 10.30-ന് തിരുവനന്തപുരത്ത് എത്തിച്ചേരും.

അതേസമയം, വന്ദേ ഭാരതിന്റെ സമയക്രമം നിശ്ചയിക്കുമ്പോള്‍ മറ്റ് പല ട്രെയിനുകളുടെയും സമയത്തില്‍ വ്യത്യാസമുണ്ടാകാനിടയുണ്ട്. വന്ദേഭാരതിന്റെ സമയക്രമം സംബന്ധിച്ച വിജ്ഞാപനം പുറത്തെത്തിയ ശേഷം മറ്റു ട്രെയിനുകളുടെ സമയമാറ്റം റെയില്‍വേ പ്രസിദ്ധീകരിക്കും.