പി.എസ്.എല്‍.വി സി-55 റോക്കറ്റ് നാളെ കുതിച്ചുയരും; വിക്ഷേപണം ശ്രീഹരിക്കോട്ടയിലെ സതീഷ് ധവന്‍ നിലയത്തില്‍

തിരുവനന്തപുരം: സിംഗപ്പൂര്‍ ഉപഗ്രഹവുമായി പി.എസ്.എല്‍.വി സി-55 റോക്കറ്റ് നാളെ കുതിച്ചുയരും. പോയം-2 എന്നു പേരിട്ടിരിക്കുന്ന സംവിധാനത്തില്‍ ബഹിരാകാശ വിക്ഷേപണവുമായി ബന്ധപ്പെട്ട പുതിയ കണ്ടെത്തലുകളുടെ പരീക്ഷണ നിരീക്ഷണങ്ങളാണ് നടത്തുക. ഐ.എസ്.ആര്‍.ഒയുടെ ബംഗളൂരിലെ കേന്ദ്രമായിരിക്കും ഇതെല്ലാം നിയന്ത്രിക്കുക.

നാളെ ഉച്ചയ്ക്ക് 2.19നാണ് പി.എസ്.എല്‍.വി. സി-55 വിക്ഷേപണം ശ്രീഹരിക്കോട്ടയിലെ സതീഷ് ധവന്‍ നിലയത്തില്‍ നടക്കുക. വിക്ഷേപണം കാണാന്‍ പൊതുജനങ്ങള്‍ക്കും അവസരമുണ്ട്. ബെല്ലാട്രിക്‌സ്, ധ്രുവ സ്‌പെയ്‌സ്, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് എയ്‌റോസ്‌പെയ്‌സ് എന്നിവയുടെ സഹായത്തോടെയാണ് പോയം 2 എന്ന നവീന ആശയം ഒരുക്കുന്നത്. റോക്കറ്റിന്റെ ഘടകഭാഗങ്ങള്‍ ഒരിടത്തുവച്ച് കൂട്ടിയോജിപ്പിക്കുന്നതിനു പകരം വ്യത്യസ്ത ഘട്ടങ്ങളുടെ ഘടകങ്ങള്‍ വ്യത്യസ്ത സ്ഥലത്ത് കൂട്ടിയോജിപ്പിച്ചു നടത്തുന്ന ആദ്യ വിക്ഷേപണമാണിത്.

സിംഗപ്പൂര്‍ സര്‍ക്കാരും എസ്.ടി എന്‍ജിനിയറിംഗും ചേര്‍ന്ന് നിര്‍മ്മിച്ച 741കിലോഗ്രാം ഭാരമുള്ള ടെലിയോസ് -02 ഉപഗ്രഹവും സിംഗപ്പൂരിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് ഇന്‍ഫോകോം റിസര്‍ച്ച്, സിംഗപ്പൂര്‍ സര്‍വ്വകലാശാലയ്ക്ക് കീഴിലുള്ള സാറ്റലൈറ്റ് ടെക്‌നോളജി സെന്റര്‍ എന്നിവ ചേര്‍ന്ന് വികസിപ്പിച്ച 16 കിലോഗ്രാം ഭാരമുള്ള ലൂംലൈറ്റ് -4 ഉപഗ്രഹവുമാണ് വിക്ഷേപിക്കുന്നത്. കാലാവസ്ഥാ പ്രവചനത്തിനും രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കും വേണ്ട ഭൗമനീരിക്ഷണത്തിനാണ് ടെലിയോസ്-02 ഉപയോഗിക്കുക. മാരിടൈം സുരക്ഷാ സംവിധാനമൊരുക്കാനാണ് ലൂംലൈറ്റ് 4 ഉപഗ്രഹം.

പോയം – 2 ലാബ്

ലിഥിയം അയണ്‍ ബാറ്ററി, നാല് സണ്‍ സെന്‍സറുകള്‍, ഒരു മാഗ്‌നോമീറ്റര്‍,ഡിറോസ്,നാവിക് സി എന്നിവയാണ് പോയം – 2 ലാബിലുള്ളത്

ബെല്ലാട്രിക്‌സ് നിര്‍മ്മിച്ച സോളാര്‍ ഇലക്ട്രിക് പ്രൊപ്പല്‍ഷന്‍ സംവിധാനത്തിന്റെ പരീക്ഷണവും പോയം-2 ലാബില്‍ നടത്തും

നാലു ഭാഗങ്ങളുള്ള പി.എസ്.എല്‍.വി റോക്കറ്റില്‍ ആദ്യത്തെ മൂന്ന് ഭാഗങ്ങളിലും ഇന്ധനമാണ്. ഇത് എരിയുമ്പോഴാണ് റോക്കറ്റ് കുതിക്കുന്നത്

നാലാം ഭാഗമായ പി.എസ്- 4ല്‍ വിക്ഷേപിക്കാനുള്ള ഉപഗ്രഹമാണ്. നിര്‍ദ്ദിഷ്ട ഉയരത്തിലെത്തുമ്പോള്‍ കവാടങ്ങള്‍ തുറന്ന് ഉപഗ്രഹത്തെ പുറംതള്ളും

അതിന് ശേഷം പി.എസ്- 4നെ ബഹിരാകാശത്ത് ഉപേക്ഷിക്കുകയാണ് പതിവ്. ഇത്തവണ പരീക്ഷണ വേദിയാക്കി മാറ്റുകയാണ്