വന്ദേഭാരതിനേക്കാള്‍ ഗൗരവത്തോടെ കാണേണ്ടത് മോദിയുടെ ‘യുവം’; ബിജെപി പ്രചരണത്തെ നേരിടുമെന്നും സി പി എം

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ യുവം പരിപാടി വന്ദേഭാരതിനേക്കാള്‍ ഗൗരവത്തോടെ കാണേണ്ടതെന്ന് സിപിഎം. മോദിയെ മുന്‍നിര്‍ത്തി യുവാക്കളെ ആകര്‍ഷിക്കാനുള്ള ബി ജെ പി ശ്രമത്തെ പരാജയപ്പെടുത്തണമെന്നും സിപിഎം വിലയിരുത്തി.

അതേസമയം, ദീര്‍ഘകാലത്തിന് ശേഷം സംസ്ഥാനത്തിന് ലഭിച്ച ട്രെയിന്‍ എന്ന നിലയില്‍ മാത്രമാണ് വന്ദേഭാരതിനെ കാണുന്നത്. വളരെ പെട്ടെന്ന് ഒരു സ്ഥലത്ത് എത്തേണ്ടത് അത്യാവശ്യമാണെന്ന് എല്ലാവരും സമ്മതിച്ചത് കെ റെയിലിന് അനുകൂലമായി. യുവാക്കള്‍ ഇഷ്ടപ്പെടുന്ന നേതാവ് നരേന്ദ്ര മോദിയാണെന്ന ബി ജെ പി പ്രചാരണത്തെ നേരിടാനാണ് സി പി എമ്മിന്റെ ശ്രമമെന്നും സി പി എം സംസ്ഥാന സെക്രട്ടേറിയറ്റ് വിലയിരുത്തുന്നു.

നാളെ ഡി വൈ എഫ് ഐ നടത്തുന്ന റാലികളില്‍ അഞ്ച് ലക്ഷത്തോളം യുവാക്കളെ അണിനിരത്തി ബി ജെ പിയെ ചെറുക്കാനാണ് പാര്‍ട്ടിയുടെ തീരുമാനം. പ്രധാനമന്ത്രിയോടുള്ള നൂറ് ചോദ്യങ്ങളുമായിട്ടാണ് ഡി വൈ എഫ് ഐ നിരത്തിലിറങ്ങുന്നത്.