തിരുവനന്തപുരം: വേനൽ ചൂട് നേരിടാൻ കേരള ദുരന്ത നിവാരണ അതോറിറ്റി തയ്യാറാക്കിയ സ്റ്റേറ്റ് ഹീറ്റ് ആക്ഷൻ പ്ലാനിന് ദേശീയ തലത്തിൽ പ്രശംസ നേടിയത് അഭിനന്ദനാർഹമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഡൽഹി ആസ്ഥാനമായിട്ടുള്ള സെന്റർ ഫോർ പോളിസി റിസർച്ച് (സി.പി.ആർ) രാജ്യത്തെ 37 ഹീറ്റ് ആക്ഷൻ പ്ലാനുകളിൽ നടത്തിയ പഠനത്തിലാണ് കേരളം മികച്ച സ്കോർ നേടിയത്.
വേനൽ ചൂടിലുണ്ടാകുന്ന വർധനവ്, അപകട സാധ്യത, ചൂട് നേരിട്ട് ബാധിക്കുന്ന വിഭാഗങ്ങളെ തിരിച്ചറിയുന്നതിന് സ്വീകരിക്കുന്ന നടപടികൾ എന്നിവ റിപ്പോർട്ടിൽ പ്രത്യേകം പരാമർശിക്കപ്പെട്ടു. വേനൽ ചൂട് സൃഷ്ടിക്കുന്ന പ്രശ്നങ്ങൾക്ക് അടിസ്ഥാന സൗകര്യം, സങ്കേതികവിദ്യയുടെ ഉപയോ?ഗം, പാരിസ്ഥിതികം എന്നിങ്ങനെ വിവിധ മേഖലകൾ തിരിച്ച് ഹ്രസ്വ- ദീർഘകാല പരിഹാരം ഒരുക്കുന്നതിലും കേരളം മുന്നിലാണ്. ഓൺലൈൻ ഭക്ഷണ വിതരണക്കാർ പോലെയുള്ള പുതിയ കാലത്തെ വൾനറബിൾ ഗ്രൂപ്പുകളെ കണ്ടെത്താൻ കേരളത്തിലെ ആക്ഷൻ പ്ലാൻ മാത്രമാണ് ശ്രമിച്ചതെന്നും പഠനത്തിൽ വ്യക്തമാക്കുന്നുവെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
ഒരു മികച്ച ആക്ഷൻ പ്ലാനിനാവശ്യമായ സൂചികകളായി പഠനം കണക്കാക്കിയ മേഖലകളെയെല്ലാം കേരളത്തിലെ ഹീറ്റ് ആക്ഷൻ പ്ലാൻ അഡ്രെസ്സ് ചെയ്തിട്ടുണ്ട്. 2020 ലാണ് ‘കേരള സംസ്ഥാന ഉഷ്ണകാല ദുരന്ത ലഘൂകരണ പ്രവർത്തന മാർഗരേഖ’ എന്ന പേരിൽ കേരളത്തിന്റെ ഹീറ്റ് ആക്ഷൻ പ്ലാൻ പ്രസിദ്ധീകരിച്ചത്. ചൂട് കൂടി വരുന്ന സാഹചര്യം ദീർഘവീക്ഷണത്തോടെ കണ്ടുകൊണ്ട് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി സ്വീകരിച്ച നടപടികൾക്കും ഹീറ്റ് ആക്ഷൻ പ്ലാനിന് പിന്നിൽ പ്രവർത്തിച്ചവർക്കും അഭിനന്ദനങ്ങൾ. നിർദ്ദേശങ്ങൾ ഫലപ്രദമായി നടപ്പിലാക്കുന്നതിന് എല്ലാവരുടെയും പിന്തുണയും സഹകരണവും പ്രതീക്ഷിക്കുന്നുവെന്നും പിണറായി വിജയൻ കൂട്ടിച്ചേർത്തു.

