ന്യൂഡല്‍ഹി: ലോകത്തിലെ ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ള രാജ്യമായി ഇന്ത്യ മാറിയെന്ന് ഐക്യരാഷ്ട്ര സംഘടന ഇന്ന് പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു. ഇന്ത്യയുടെ ജനസംഖ്യ 142.86 കോടിയും ചൈനയുടെ ജനസംഖ്യ 142.57 കോടിയുമാണ്. 1950-ല്‍ ജനസംഖ്യാ വിവരങ്ങള്‍ ശേഖരിക്കാന്‍ തുടങ്ങിയതിന് ശേഷം ഇതാദ്യമായാണ് ഇന്ത്യ ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ള രാജ്യങ്ങളുടെ യുഎന്‍ പട്ടികയില്‍ ഒന്നാമതെത്തുന്നത്.
ഇന്ത്യയിലെ ജനസംഖ്യയുടെ 25 ശതമാനം 0-14 വയസ്സിനിടയിലുള്ളവരാണ്. 18 ശതമാനം പേര്‍ 10 മുതല്‍ 19 വയസ്സുവരെയുള്ളവര്‍. 26 ശതമാനം പേര്‍ 10 മുതല്‍ 24 വയസ്സ് വരെയുള്ളവര്‍. 68 ശതമാനം പേര്‍ 15 നും 64 നും ഇടയില്‍ പ്രായമുള്ളവര്‍. 7 ശതമാനം പേര്‍ 65 വയസ്സിന് മുകളിലുള്ളവരാണെന്നും യുഎന്‍എഫ്പിഎ റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. ഇന്ത്യയിലെ ജനസംഖ്യാ കണക്കുകള്‍ ഓരോ സംസ്ഥാനത്തിലും വ്യത്യസ്തമാണെന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. കേരളത്തിലും പഞ്ചാബിലും പ്രായമായവരാണ് കൂടുതല്‍. ബിഹാറിലും ഉത്തര്‍പ്രദേശിലും യുവാക്കളാണ് കൂടുതല്‍.
‘ഇന്ത്യയിലെ 1.4 ബില്യണ്‍ ജനങ്ങളെ 1.4 ബില്യണ്‍ അവസരങ്ങളായി കാണണം’ എന്ന് യുണൈറ്റഡ് നേഷന്‍സ് പോപ്പുലേഷന്‍ ഫണ്ടിന്റെ ഇന്ത്യയുടെ പ്രതിനിധി ആന്‍ഡ്രിയ വോജ്നാര്‍ പറഞ്ഞു. ഇന്ത്യയിലും ചൈനയിലും ജനസംഖ്യാ വളര്‍ച്ച മന്ദഗതിയിലാണെന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ വര്‍ഷം, ചൈനയുടെ ജനസംഖ്യ ആറ് പതിറ്റാണ്ടിനിടെ ആദ്യമായി ഇടിഞ്ഞിരുന്നു. സര്‍ക്കാര്‍ കണക്കുകള്‍ പ്രകാരം ഇന്ത്യയുടെ വാര്‍ഷിക ജനസംഖ്യാ വളര്‍ച്ച 2011 മുതല്‍ ശരാശരി 1.2% ആണ്. മുന്‍ 10 വര്‍ഷങ്ങളിലേത് 1.7% ആയിരുന്നു.

