ജനവാസ മേഖലയുമായി ബന്ധമില്ലാത്ത സ്ഥലങ്ങള്‍ കണ്ടെത്താനായില്ല; അരിക്കൊമ്പന്‍ വിഷയത്തില്‍ സര്‍ക്കാര്‍ സുപ്രീംകോടതിയിലേക്ക്‌

തിരുവനന്തപുരം: അരിക്കൊമ്പനെ മാറ്റാന്‍ ഹൈക്കോടതി സര്‍ക്കാരിനോട് സ്ഥലം കണ്ടെത്തണമെന്നാവശ്യപ്പെട്ടതിനാല്‍ ഇന്നലെ വരെ അന്വേഷിച്ചുവെന്നും ജനവാസ മേഖലയുമായി ബന്ധമില്ലാത്ത സ്ഥലങ്ങള്‍ കണ്ടെത്താനായില്ലെന്നും വനം മന്ത്രി എ.കെ ശശീന്ദ്രന്‍ അറിയിച്ചു.

‘ഹൈക്കോടതി വിധി നടപ്പാക്കാനുള്ള പ്രയാസം അറിയിച്ചു കൊണ്ട് സുപ്രീംകോടതിയെ സമീപിക്കും. അരിക്കൊമ്പന്റെ പുനരധിവാസം വിധിനടപ്പാക്കുക ഏറെ പ്രയാസകരമാണ്. പറമ്പിക്കുളത്തേക്ക് മാറ്റാനുള്ള വിധി നടപ്പാക്കാന്‍ ശ്രമിച്ചു. കടുത്ത പ്രതിഷേധമാണ് ഉണ്ടായത്. ജനങ്ങളെ പ്രകോപിതരാക്കിയും പ്രയാസപ്പെടുത്തി മുന്നോട്ട് പോവുക സാധ്യമല്ലാതെയായി. മറ്റേതെങ്കിലും സ്ഥലം കണ്ടെത്തണം. ആ സ്ഥലം സര്‍ക്കാര്‍ കണ്ടെത്തണം എന്ന് പറഞ്ഞതിനാല്‍ ഇന്നലെ വരെ അന്വേഷിച്ചു. പക്ഷെ ജനവാസ മേഖലയുമായി ബന്ധമില്ലാത്ത സ്ഥലങ്ങള്‍ കണ്ടെത്താനായില്ല. ഈ വിധി നടപ്പാക്കാനുള്ള പ്രയാസം അറിയിച്ച് കൊണ്ട് സുപ്രീം കോടതിയെ സമീപിക്കും. ഹൈക്കോടതി വിധിയില്‍ സാവകാശം ചോദിക്കും. പിടിച്ച ആനകള്‍ക്ക് എന്ത് പറ്റി എന്ന് അന്വേഷിക്കാനുള ശ്രമം കോടതിയുടെ ഭാഗത്ത് നിന്ന് ഉണ്ടായില്ല. ആന പ്രേമികളുടെ വാദത്തിന് അമിത പ്രാധാന്യം നല്‍കുകയും ഒറ്റപ്പെട്ട സംഭവങ്ങള്‍ ചൂണ്ടിക്കാട്ടുകയും ചെയ്തിട്ടുണ്ട്. ഉപദ്രവകാരികളായ വന്യമൃഗങ്ങളുടെ കാര്യത്തില്‍ വന്യജീവി സംരക്ഷണ നിയമത്തിലെ സെഷന്‍ 11 പ്രകാരം നടപടി എടുക്കാന്‍ അനുവദിക്കണമെന്നാണ് സംസ്ഥാനത്തിന്റെ ആവശ്യം. സുപ്രീം കോടതിയും ഹൈക്കോടതിയും ഉത്തരവ് നടപ്പാക്കാന്‍ പറഞ്ഞാല്‍ നടപ്പാക്കാന്‍ സാവകാശം തേടും’- മന്ത്രി വ്യക്തമാക്കി.