സച്ചിന്‍ പൈലറ്റ് ഇന്നു ഡല്‍ഹിയില്‍; ഖര്‍ഗെയുമായി ചര്‍ച്ച നടത്തുമെന്ന് റിപ്പോര്‍ട്ട്‌

ന്യൂഡല്‍ഹി: രാജസ്ഥാനിലെ കോണ്‍ഗ്രസ് സര്‍ക്കാരിനെതിരെ നിരാഹാര സമരം നടത്തിയ മുന്‍ ഉപമുഖ്യമന്ത്രി സച്ചിന്‍ പൈലറ്റ് ഇന്നു ഡല്‍ഹിയിലെത്തി കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലാകാര്‍ജുന്‍ ഖര്‍ഗെ ഉള്‍പ്പെടെയുള്ളവരുമായി ചര്‍ച്ച നടത്തുമെന്ന് റിപ്പോര്‍ട്ട്.

അതേസമയം, ഒരു ബിജെപി നേതാവും ബിജെപി പക്ഷത്തുള്ള ഒരു സ്വതന്ത്ര എംപിയും പൈലറ്റുമായി ചര്‍ച്ചയിലാണെന്നും അഭ്യൂഹങ്ങളുണ്ട്. സച്ചിനെ ബിജെപിയിലേക്ക് എത്തിക്കുന്നതിനോടു ബിജെപിയില്‍ വസുന്ധരെ രാജെ പക്ഷത്തിനു യോജിപ്പില്ലെന്ന തരത്തില്‍ റിപ്പോര്‍ട്ടുകളുമുണ്ട്. രാജസ്ഥാന്‍ കോണ്‍ഗ്രസിന്റെ ശവപ്പെട്ടിയിലെ അവസാനത്തെ ആണിയാണ് സച്ചിന്റെ നിരാഹാരമെന്ന് മുതിര്‍ന്ന ബിജെപി നേതാവ് രാജേന്ദ്ര റാത്തോഡ് നേരത്തെ പ്രതികരിച്ചിരുന്നു. എന്നാല്‍, ഗെലോട്ടിന്റെ നിലപാടുകളോടു മാത്രമാണ് ഭിന്നത എന്ന നിലയിലാണ് പൈലറ്റ് പ്രതികരിച്ചത്.

ജയ്പുരിലെ രക്തസാക്ഷി മണ്ഡപത്തില്‍ നടന്ന ഏകദിന നിരാഹാരത്തില്‍ സച്ചിനു പിന്തുണയുമായി അനുയായികളെത്തി. ബിജെപിയുടെ നേതൃത്വത്തിലുള്ള മുന്‍ സര്‍ക്കാരിനെതിരായ അഴിമതി ആരോപണങ്ങളില്‍ അന്വേഷണം ഉണ്ടാകുമെന്ന ഉറപ്പ് മുഖ്യമന്ത്രി അശോക് ഗെലോട്ട് പാലിച്ചില്ലെന്ന് ആരോപിച്ചാണ് സച്ചിനും കൂട്ടരും പ്രതിഷേധമിരുന്നത്. ഗാന്ധി ചിത്രവും ബിജെപി മുന്‍ മുഖ്യമന്ത്രി വസുന്ധരെ രാജെയ്ക്കെതിരായ അഴിമതി ആരോപണങ്ങളുമായിരുന്നു നിരാഹാര വേദിയിലുണ്ടായിരുന്നത്. നിലവില്‍ എംഎല്‍എമാരോ മന്ത്രിമാരോ ആയ ആരും സച്ചിനു പിന്തുണയുമായി എത്തിയില്ല.