ക്രൈസ്തവ പിന്തുണയ്ക്കായി ശക്തമായ ശ്രമങ്ങള്‍ നടത്തും; ബിജെപി കോര്‍ കമ്മിറ്റിയില്‍ ധാരണയായി

കൊച്ചി: ഇന്നലെ ചേര്‍ന്ന ബി ജെ പി കേരള കോര്‍ കമ്മിറ്റി യോഗത്തില്‍ ക്രൈസ്തവ പിന്തുണയ്ക്കായി ശക്തമായ ശ്രമങ്ങള്‍ നടത്താന്‍ ധാരണയായി. ഇതിലൂടെ സംസ്ഥാനത്ത് പാര്‍ട്ടിക്ക് വലിയ നേട്ടമുണ്ടാക്കാന്‍ കഴിയുമെന്ന് സംസ്ഥാന പ്രഭാരി പ്രകാശ് ജാവദേക്കറുടെ അദ്ധ്യക്ഷതയില്‍ കലൂര്‍ ഗോകുലം പാര്‍ക്കില്‍ ചേര്‍ന്ന യോഗം വിലയിരുത്തി.

പാര്‍ട്ടി സംസ്ഥാന വൈസ് പ്രസിഡന്റ് കെ എസ് രാധാകൃഷ്ണന്‍, മുന്‍ കേന്ദ്ര മന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം, യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് പ്രഫുല്‍ കൃഷ്ണ, മഹിളാ മോര്‍ച്ച സംസ്ഥാന പ്രസിഡന്റ് അഡ്വ. നിവേദിത, പാര്‍ട്ടി തൃശൂര്‍, തിരുവനന്തപുരം ജില്ലാ പ്രസിഡന്റുമാരായ അനീഷ് കുമാര്‍, വി വി രാജേഷ് എന്നീ കോര്‍ കമ്മിറ്റിയംഗങ്ങളല്ലാത്തവര്‍ പങ്കെടുത്തത് കോര്‍ കമ്മിറ്റി പുന:സംഘടിപ്പിച്ചെന്ന വാര്‍ത്തകള്‍ക്ക് ഇടയാക്കി. കമ്മിറ്റിയംഗമായ സുരേഷ് ഗോപി യോഗത്തില്‍ പങ്കെടുത്തില്ല.

അതേസമയം, പ്രധാനമന്ത്രിയുടെ ഡല്‍ഹി സേക്രട്ട് ഹാര്‍ട്ട് കത്തീഡ്രല്‍ സന്ദര്‍ശനം മതന്യൂനപക്ഷങ്ങള്‍ക്കിടയില്‍ ആത്മവിശ്വാസം വളര്‍ത്തിയെന്നും, ഇക്കാര്യത്തില്‍ കേരളത്തിലെ ഇടത്- വലത് മുന്നണികള്‍ പ്രകടിപ്പിക്കുന്ന അങ്കലാപ്പ് പരാജയഭീതിയാണ് വെളിവാക്കുന്നതെന്നും പ്രമേയത്തില്‍ വ്യക്തമാക്കി. കൊച്ചിയില്‍ ഏപ്രില്‍ 25ന് പ്രധാനമന്ത്രി പങ്കെടുക്കുന്ന യുവജന സമ്മേളനമായ ‘യുവ’യുടെ ഒരുക്കങ്ങളും കമ്മിറ്റി വിലയിരുത്തി.