കേരള കേന്ദ്ര സര്‍വകലാശാലയുടെ ആദ്യ ഓണററി ഡോക്ടറേറ്റ് ഏറ്റുവാങ്ങി പി.ടി ഉഷ

കാസര്‍കോട്: കേരള കേന്ദ്ര സര്‍വകലാശാലയുടെ ആദ്യ ഓണററി ഡോക്ടറേറ്റ് സ്വന്തമാക്കി പിടി ഉഷ. പെരിയ ക്യാമ്ബസിലെ സബര്‍മതി ഹാളില്‍ നടന്ന ചടങ്ങില്‍ വൈസ് ചാന്‍സലര്‍ പ്രൊഫ. എച്ച് വെങ്കടേശ്വര്‍ലു ഹോണററി ഡോക്ടറേറ്റ് ബിരുദം സമ്മാനിച്ചു.

പി.ടി ഉഷ രാജ്യത്തിന്റെ അഭിമാനമാണെന്ന് വൈസ് ചാന്‍സലര്‍ വ്യക്തമാക്കി. രാജ്യത്തിന് മാതൃകയാകുന്നവരെ ആദരിക്കുകയെന്നത് സര്‍വകലാശാലയുടെ കര്‍ത്തവ്യമാണ്. വിദ്യാര്‍ത്ഥികള്‍ക്ക് പ്രചോദനം പകരുന്നതാണ് പി.ടി ഉഷയുടെ ജീവിതവും നേട്ടങ്ങളുമെന്നും അദ്ദേഹം പറഞ്ഞു.

‘കയ്യെത്തുംദൂരെ നഷ്ടപ്പെട്ട ഒളിംപിക്സ് മെഡല്‍ രാജ്യത്തിനായി നേടിയെടുക്കുന്നതിനുള്ള പേരാട്ടത്തിലാണ് ഞാന്‍. ഇതിന് ലക്ഷക്കണക്കിന് ആളുകളുടെ പ്രാര്‍ത്ഥനയുണ്ട്. ലക്ഷ്യത്തിനായി പ്രവര്‍ത്തിച്ചാല്‍ ഒരിക്കല്‍ അത് യാഥാര്‍ത്ഥ്യാമാകും. അവരവരിലുള്ള വിശ്വാസമാണ് ആദ്യം വേണ്ടത്’- പിടി ഉഷ ചൂണ്ടിക്കാട്ടി.