ഇന്ത്യയുടെ അതിർത്തികൾ ശക്തവും സുരക്ഷിതവും; വടക്ക് കിഴക്കൻ മേഖലകൾ ഇന്ന് വികസനത്തിന്റെ പാതയിലാണെന്ന് അമിത് ഷാ

ന്യൂഡൽഹി: ഇന്ത്യയുടെ അതിർത്തികൾ ശക്തവും സുരക്ഷിതവുമാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഭീകരവാദത്തിന്റെ യാതൊരു ഭീഷണിയും ഇന്ന് രാജ്യത്തില്ലെന്നും ആർക്കും ഇന്ത്യയുടെ പരമാധികാരത്തെ ചോദ്യം ചെയ്യാൻ കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. അരുണാചൽ പ്രദേശ് സന്ദർശനത്തിനിടെ ജനങ്ങളെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. വിവിധ പദ്ധതികളുടെ ഉദ്ഘാടനവും അമിത് ഷാ നിർവ്വഹിച്ചു.

രാജ്യത്തെ വടക്ക് കിഴക്കൻ മേഖലകൾ ഇന്ന് വികസനത്തിന്റെ പാതയിലാണ്. 2014 മുൻപ് വടക്കിഴക്കൻ മേഖല മുഴുവൻ പ്രശ്നബാധിത മേഖല എന്നാണ് അറിയപ്പെട്ടിരുന്നത്. എന്നാൽ 9 വർഷം കൊണ്ട് രാജ്യത്തിന്റെ വികസനത്തിന് സംഭാവന നൽകുന്ന പ്രദേശമായി വടക്ക് കിഴക്കൻ മേഖല മാറി. വികസനത്തിന്റെ പാതയിലാണ് ഇന്ന് ഇന്ത്യ. അതിർത്തിയിലെ സുരക്ഷ ഈ രാജ്യത്തിന്റെ സുരക്ഷയാണ്. അതിർത്തിയിലെ വികസനത്തിന് വലിയ പ്രാധാന്യം മോദി സർക്കാർ നൽകുന്നുണ്ട്. കോൺഗ്രസ് നൽകുന്നതിനേക്കാൾ മോദി സർക്കാർ അധികം ശ്രദ്ധ അതിർത്തിയിൽ നൽകുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഇന്ത്യയുടെ അവസാന ഗ്രാമമല്ല ആദ്യ ഗ്രാമം ആണ് കിബിത്തൂ. വേദങ്ങളിലും പുരാണങ്ങളിലും അരുണാചൽപ്രദേശ് പരാമർശിക്കപ്പെട്ടിട്ടുണ്ട്. ഇവിടെയാണ് സൂര്യന്റെ ആദ്യകിരണങ്ങൾ പതിക്കുന്നത്. അരുണാചൽപ്രദേശിലെ ജനങ്ങളുടെ രാജ്യസ്നേഹത്തെ സല്യൂട്ട് ചെയ്യുന്നു. അരുണാചൽ പ്രദേശിലെ വികസനത്തിന് സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും അമിത് ഷാ കൂട്ടിച്ചേർത്തു.

അതേസമയം, അമിത് ഷായുടെ അരുണാചൽ സന്ദർശനത്തിനെതിരെ വിമർശനവുമായി ചൈന രംഗത്തെത്തിയിരുന്നു. അരുണാചൽ പ്രദേശ് ചൈനീസ് അധീന മേഖലയാണെന്നും അമിത് ഷായുടെ സന്ദർശനം പരമാധികാരത്തിലുള്ള കടന്നുകയറ്റമെന്നുമാണ് ചൈനീസ് വൃത്തങ്ങൾ വ്യക്തമാക്കിയത്.