കോട്ടയം: ജോസ് കെ മാണിയുടെ മകൻ കെ എം മാണി ജൂനിയറിന്റെ ലൈസൻസ് റദ്ദാക്കാനുള്ള നടപടികൾ ആരംഭിച്ച് മോട്ടോർ വാഹന വകുപ്പ്. വാഹനാപകടത്തിൽ രണ്ടു പേർ മരിച്ച സംഭവത്തിലാണ് ലൈസൻസ് റദ്ദാക്കാനുള്ള നടപടികൾ മോട്ടോർ വാഹന വകുപ്പ് ആരംഭിച്ചത്.
ഇതിന്റെ ഭാഗമായി മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ പ്രാഥമിക വിവരശേഖരണം നടത്തി. പോലീസ് റിപ്പോർട്ട് കൂടി ലഭിച്ച ശേഷമായിരിക്കും നടപടികൾ ഉണ്ടാകുക.
ശനിയാഴ്ച വൈകുന്നേരം ആറ് മണിയോടെയായിരുന്നു അപകടം നടന്നത്. കെഎം മാണി ഓടിച്ച ഇന്നോവയും സ്കൂട്ടറും തമ്മിൽ കൂട്ടിയിടിച്ചാണ് അപകടം സംഭവിച്ചത്. അലക്ഷ്യമായി വാഹനം ഓടിച്ചതിനും മനപ്പൂർവമല്ലാത്ത നരഹത്യയ്ക്കുമാണ് പോലീസ് കെ എം മാണിക്കെതിരെ കേസെടുത്തിരിക്കുന്നത്.
കെ മാണിയുടെ അറസ്റ്റ് പോലീസ് കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയിരുന്നു. പിന്നീട് ജാമ്യത്തിൽ വിടുകയും ചെയ്തിരുന്നു. സ്കൂട്ടർ യാത്രക്കാരായിരുന്ന കരിക്കാട്ടൂർ പതാലിപ്ലാവ് കുന്നുംപുറത്തു താഴെ മാത്യു ജോൺ (35), സഹോദരൻ ജിൻസ് ജോൺ (30) എന്നിവരാണ് അപകടത്തിൽ മരണപ്പെട്ടത്.

