ന്യൂഡൽഹി: ദേശീയ പാർട്ടി പദവി നഷ്ടമായതിന് പിന്നാലെ പ്രതികരണവുമായി സിപിഐ നേതാവും എംപിയുമായി ബിനോയ് വിശ്വം. സിപിഐയുടെ അംഗീകാരം ജനങ്ങളുടെ ഹൃദയത്തിലാണെന്ന് അദ്ദേഹം പറഞ്ഞു.
സാങ്കേതികപരമായി ദേശീയ പദവി പ്രധാനപ്പെട്ടതാണ്. എന്നാൽ ജനങ്ങളുടെ ചോരയിലും വിയർപ്പിലും കണ്ണീരിലുമാണ് സിപിഐ പടുത്തുയർത്തപ്പെട്ടത്. ജനാധിപത്യത്തിനും മതേതരത്വത്തിനും സോഷ്യലിസത്തിനുമുള്ള പോരാട്ടം ശക്തിപ്പെടുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കഴിഞ്ഞ ദിവസമാണ് സിപിഐയ്ക്ക് ദേശീയ പാർട്ടി പദവി നഷ്ടമായത്. തൃണമൂൽ കോൺഗ്രസ്, എൻസിപി തുടങ്ങിയ പാർട്ടികൾക്കും ദേശീയ പദവി നഷ്ടമായിരുന്നു. തിരഞ്ഞെടുപ്പ് കമ്മീഷനാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. കഴിഞ്ഞ രണ്ട് തവണ നടന്ന പൊതുതിരഞ്ഞെടുപ്പിലും 21 സംസ്ഥാനങ്ങളിൽ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിലും ലഭിച്ച സീറ്റുനിലയെയും വോട്ടു വിഹിതത്തെയും അടിസ്ഥാനപ്പെടുത്തിയാണ് തീരുമാനം.
അതേസമയം, അരവിന്ദ് കേജ്രിവാളിന്റെ നേതൃത്വത്തിലുള്ള ആംആദ്മി പാർട്ടിയ്ക്ക് ദേശീയ പാർട്ടി പദവി നൽകുകയും ചെയ്തു. ഡൽഹിയ്ക്ക് പുറത്ത് തങ്ങളുടെ സാന്നിദ്ധ്യം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി പഞ്ചാബ് തിരഞ്ഞെടുപ്പിൽ മികച്ച പ്രകടനമാണ് ആംആദ്മി കാഴ്ച്ചവെച്ചത്. രണ്ട് സംസ്ഥാനങ്ങളിൽ ഭരണം നേടിയതാണ് ആംആദ്മിയെ ദേശീയ പാർട്ടി പദവിയിലേയ്ക്ക് എത്തിച്ചത്. ആംആദ്മി പാർട്ടി രൂപീകരികരിച്ചത് 2012-ലാണ്.
നിലവിൽ ഒരു സംസ്ഥാനത്തിലും സിപിഐ ഭരണം നടത്തുന്നില്ല. കേരളത്തിൽ സിപിഎം നേതൃത്വം നൽകുന്ന ഭരണപക്ഷത്തിന്റെ ഭാഗം മാത്രമാണ് സിപിഐ.

